സഞ്ജുവിനെ പരിഹസിച്ച കാംബ്ലിക്ക് പൊങ്കാല

മുംബൈ :ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരമാണ് മലയാളിയായ സഞ്ജു സാംസണ്‍. ഈ സീസണിലും സഞ്ജുവിന്റെ പ്രകടനങ്ങള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതാണ്. സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപും നിലവില്‍ സഞ്ജുവിന്റെ തലയിലാണ്.

അതുകൊണ്ട് തന്നെ ക്രിക്കറ്റ് ആരാധകരും കമന്റേറ്റര്‍മാരും വാനോളം പ്രശംസകള്‍ കൊണ്ട് മൂടുകയാണ് ഈ യുവതാരത്തെ. എന്നാല്‍ സഞ്ജുവിനെ ഇത്രത്തോളം എല്ലാവരും പ്രശംസിക്കുന്നത് ഒരാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയായിരുന്നു ഈ കക്ഷി.

ഞായറാഴ്ച രാത്രിയാണ് കാംബ്ലി ഈ പുകഴ്ത്തലുകളെ പരിഹസിച്ച് കൊണ്ടുള്ള ട്വീറ്റുമായി രംഗത്ത് വന്നത്. സഞ്ജു സാംസണിനെകുറിച്ച് കമന്റേറ്റര്‍മാരുടെ പുകഴ്ത്തലുകള്‍ ബോറടിപ്പിക്കുന്നതാണെന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്. രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ശേഷമായിരുന്നു വളര്‍ന്നു വരുന്ന ഒരു യുവതാരത്തിന്റെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിലുള്ള മുന്‍ ഇന്ത്യന്‍ താരത്തിന്റെ ട്വീറ്റ്.

ഇതോടെ സഞ്ജുവിന്റെ കട്ട ഫാന്‍സായ മലയാളികള്‍ക്ക് ഹാലിളകി. മലയാളികള്‍ കൂട്ടമായി എത്തി ട്വിറ്ററില്‍ കാംബ്ലിക്കെതിരെ പൊങ്കാല തീര്‍ക്കാന്‍ തുടങ്ങി. ചിലര്‍ കൃത്യമായ കണക്കും നിരത്തിയായിരുന്നു കാബ്ലിക്കെതിരെ പൊങ്കാലയിട്ടത്. ഇതിനിടയിലും കാംബ്ലി എത്തി സഞ്ജുവിനെതിരെ പരാമര്‍ശം നടത്തി. ഒരു സെഞ്ച്വുറിയെടുത്ത് ആ ഓറഞ്ച് ക്യാപ് നിലനിര്‍ത്താനെങ്കിലും സഞ്ജു ശ്രമിക്കണമെന്നായിരുന്നു കാംബ്ലിയുടെ ഇത്തവണത്തെ വ്യാകുലത.

എന്നാല്‍ ഇതിന് താഴെയും മലയാളികള്‍ കൂട്ടമായി ആക്രമണം നടത്തിയതോടെ വീണ്ടും കാംബ്ലി പെട്ടു. ഒടുവില്‍ തന്റെ സുഹൃത്തായ സച്ചീന്‍ ടെണ്ടുല്‍ക്കറിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുണ്ടെന്നും അതുകൊണ്ട് താന്‍ ഈ വിഷയത്തില്‍ നിന്നും വിരമിക്കുകയാണെന്നും പറഞ്ഞ് കാംബ്ലി ട്വിറ്ററും പൂട്ടി കണ്ടം വഴി ഓടി.

https://twitter.com/vinodkambli349/status/988400945372585984

LEAVE A REPLY

Please enter your comment!
Please enter your name here