ലൈവ് ചര്‍ച്ചയ്ക്കിടയില്‍ അച്ഛന്റെ തോളില്‍ കയ്യിട്ടും നെഞ്ചിലൂടെ കളിപ്പാട്ട കാര്‍ ഓടിച്ചും അഞ്ച് വയസ്സുകാരന്റെ കുസൃതി

ദോഹ: കഴിഞ്ഞ വര്‍ഷത്തെ ടെലിവിഷന്‍ കാഴ്ചകളില്‍ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു പ്രൊഫസര്‍ റോബര്‍ട്ട് കെല്ലി ബിബിസിക്ക് നല്‍കിയ ലൈവ് അഭിമുഖം. അഭിമുഖം കൊടുക്കുന്നതിനിടയില്‍ കെല്ലിയുടെ പിറകിലായി രണ്ടു മക്കളും ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ബിബിസി ഡാഡ് എന്നാണ് കെല്ലിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. അതേപോലൊരു അച്ഛനാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇത്തവണ അല്‍ ജസീറ ചാനലിലാണ് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. സിനിമ ചരിത്രകാരനും പ്രൊഫസറുമായ ഡാനിയേല്‍ സ്മിത്ത് റോവ്‌സേയും അഞ്ച് വയസുകാരന്‍ മകനുമാണ് അല്‍ജസീറയുടെ ലൈവിലെത്തി വൈറലായത്. ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരദാന ചടങ്ങില്‍ സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരേ ഹോളിവുഡ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് അല്‍ജസീറ ടിവിയോട് ലൈവില്‍ പ്രതികരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഡാനിയേല്‍. ഇതിനിടയിലാണ് ഡാനിയേലിന്റെ അഞ്ചുവയസുകാരന്റെ രംഗപ്രവേശനം. അപ്രതീക്ഷിതമായി മകന്‍ കടന്നുവന്നത് ഡാനിയേലിന്റെ മുഖത്ത് ചെറിയൊരു പരിഭ്രമമുണ്ടാക്കി. അവതാരകനോട് ക്ഷമിക്കണം, തന്റെ മകനാണെന്ന് ഡാനിയേല്‍ പറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതനായി വന്ന അതിഥിയെ കണ്ട് യാതൊരു പതര്‍ച്ചയും കൂടാതെ അവതാരകന്‍ സൊഹയ്ല്‍ റഹ്മാന്‍ പറഞ്ഞു, ഒരു കുഴപ്പവുമില്ല, അവനോട് വരാന്‍ പറയൂ ഡാനിയേല്‍, ചെറുപ്പക്കാര്‍ ഈ പരിപാടിയിലേക്ക് വരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ഇത് കേട്ട് ഡാനിയേല്‍ പുഞ്ചിരിച്ചു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ അഞ്ചു വയസ്സുകാരന്‍ അച്ഛന്റെ തോളിലൂടെയും നെഞ്ചിലൂടെയും തന്റെ കൊച്ചു കളിപ്പാട്ട കാറോടിച്ച് കളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അല്‍ ജസീറ തന്നെ പ്രേക്ഷകരുമായി ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here