വധുവിന്റെ പേര് കൊണ്ട് കല്യാണക്കുറി വൈറലായി

കോഴിക്കോട്: വ്യത്യസ്തമായ വിവാഹക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായൊരു പേര് കൊണ്ട് ഒരു ക്ഷണക്കത്ത് വൈറലായിരിക്കുന്നു. കല്ല്യാണക്കുറിയില്‍ വൈറലായത് വധുവിന്റെ പേരാണ്. ദ്യാനൂര്‍ഹ്‌നാഗിതി എന്നാണ് വധുവിന്റെ പേര്. കല്ല്യാണക്കുറി വൈറലായതോടെ പുലിവാലു പിടിച്ചത് വരനാണ്.

ഫോണ്‍വിളികളാല്‍ പൊറുതിമുട്ടിയിരിക്കുകയാണ് വരന്‍. കോഴിക്കോട് പാലാഴി പാലായിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലാമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്‌നാഗിതിയുടെ പേരിന്റെ പേരില്‍ കുഴങ്ങിയത്. വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍ ഹരിദാസന്റെ മകള്‍ ദ്യാനൂര്‍ഹ്‌നാഗിതിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് വധുവിന്റെ പേരിലുള്ള പ്രത്യേകതയാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടതായിരുന്നു വിവാഹക്ഷണക്കത്ത്.

എന്നാല്‍ പിന്നീട് ഇത് ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവിന്റെയും ഫോണുകള്‍ക്ക് പിന്നെ വിശ്രമമില്ലാതായി. എല്ലാവര്‍ക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകതയും അതിന്റെ അര്‍ത്ഥമെന്തെന്നുമായിരുന്നു. മറുപടി പറഞ്ഞ് മടുത്ത വിബീഷിനെ ചിലര്‍ ചീത്തവിളിക്കാനും തുടങ്ങിയതോടെ സൈബര്‍ സെല്ലിനെ സമീപിക്കാനൊരുങ്ങുകയാണ് യുവാവ്.

സാഹിത്യത്തെ സ്‌നേഹിക്കുന്ന അച്ഛന്‍ വ്യത്യസ്തമായൊരു പേരു തനിക്കായി കണ്ടെത്തുകയായിരുന്നെന്നാണ് ദ്യാനൂര്‍ഹ്നാഗിതി പറയുന്നത്. വീട്ടിലെല്ലാവരും വിളിക്കാനുള്ള സൗകര്യത്തിന് ദ്യാനൂ എന്നാണ് വിളിക്കുന്നത്. പത്താം ക്ലാസ്‌വരെ ഈ പേര് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ശേഷം പേരുമായി പൊരുത്തപ്പെട്ടെന്നും ഈ പേരു കാരണം കേളേജിലോക്കെ താന്‍ താരമായെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം ഭാര്യയുടെ പേര് ഏറെ ഇഷ്ടമാണ് എന്ന് വരന്‍ വിബീഷും പറയുന്നു. വിബീഷിന്റേയും ദ്യാനൂര്‍ഹ്‌നാഗിതിയുടെയും വിവാഹം മാര്‍ച്ച് 31നാണ് കഴിഞ്ഞത്. മെയ് 21 ന് നടത്തുന്ന റിസപ്ഷനുള്ള ക്ഷണക്കത്താണ് വൈറലായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here