സമൃദ്ധിയുടെയും നന്മയുടെയും വിഷു

കൊച്ചി :സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി മലയാളികള്‍ക്ക് മുന്നില്‍ ഒരു വിഷു കൂടി വന്നെത്തി. പാടങ്ങളും കൃഷികളും അനുദിനം മലയാള മണ്ണില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോഴും കര്‍ഷകന്റെ ഉത്സവത്തെ മലയാളി നെഞ്ചോട് ചേര്‍ക്കുന്നു.

രാവിലെ സമൃദ്ധമായ കണി കണ്ട് ഉണരുന്നതോട് കൂടിയാണ് വിഷു ദിനത്തിന്റെ തുടക്കം. തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ നെല്ലും ഉണക്കലരിയും നിറച്ച് അതിന് മേല്‍ കൊന്നപ്പൂക്കള്‍ക്കൊപ്പം കണി വെള്ളരിയും പച്ചക്കറികളും സ്വര്‍ണ്ണവുമെല്ലാം ചേര്‍ത്ത് വെച്ചാണ് കണി ഒരുക്കുന്നത്. അരികെ ഓടക്കുഴലൂതുന്ന അമ്പാടി കണ്ണനും നില വിളക്കിന്റെ പ്രഭയും. സ്വര്‍ണ്ണ വര്‍ണ്ണമുള്ള കൊന്നപൂവിനൊപ്പം ഉരുളിയിലെ കണി വസ്തുക്കളും നിലവിളിക്കിന്റെ പ്രഭയും അമ്പാടി കണ്ണനേയും കണ്ടാല്‍ സത്ഫലം ഒരു വര്‍ഷം നീണ്ടു നില്‍ക്കുമെന്ന ഐതീഹ്യം.

പിന്നെ ഗൃഹനാഥന്‍ കുടുംബത്തിലെ ഇളം തലമുറയ്ക്ക് കൈ നീട്ടം നല്‍കുന്ന ചടങ്ങ്. ഉച്ചയ്ക്ക് മനസ്സു നിറയ്ക്കുന്ന സദ്യ. ഭഗവാന്‍ ശ്രീകൃഷണന്‍ നരകാസുരനെ വധിച്ച് തിന്മയ്ക്ക് മേല്‍ നന്‍മയുടെ വിജയം ഉറപ്പാക്കിയതാണ് വിഷുവുമായി ബന്ധപ്പെട്ട പ്രധാന ഐതീഹ്യം. തിന്മയുടെ അന്ധകാരം നീങ്ങി നന്മയുടെ പ്രകാശം വന്ന ദിവസം പടക്കം പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും മലയാളികള്‍ കൊണ്ടാടുന്നു.

പുതിയ കാലത്തിന്റെ വേഗതയ്ക്ക് ഇടയില്‍ പെട്ടുള്ള പരക്കം പാച്ചിലിനിടയിലും നന്മയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകളിലേക്ക് കണ്ണും നട്ട് മലയാളി ഇന്നും വിഷു ആഘോഷങ്ങളെയും ആചാരങ്ങളെയും പുല്‍കുന്നു. മണ്ണിനേയും മനുഷ്യനേയും അഗാധമായി സ്‌നേഹിക്കുന്ന പരസ്പര കലഹങ്ങളില്ലാത്ത ഒരു നല്ല നാളെയ്ക്കായി നമുക്ക് ഏവര്‍ക്കും സ്‌നേഹത്തോടെ ഈ വിഷുവിനെ വരവേല്‍ക്കാം.

എല്ലാ മലയാളികള്‍ക്കും പബ്ലിക് ടിവി മലയാളത്തിന്റെ സ്‌നേഹം നിറഞ്ഞ വിഷു ആശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here