കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു

ബെയ്ജിങ്: മൃഗശാലയിലെ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍ കംഗാരുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. തെക്ക് കിഴക്കന്‍ ചൈനയിലെ ഫുസ്‌ഹൊ മൃഗശാലയിലെ 12 വയസ് പ്രായമുള്ള പെണ്‍ കംഗാരുവാണ് മരിച്ചത്.

കംഗാരു ചാടാനോ ചലിക്കാനോ കൂട്ടാക്കാതെ കൂട്ടിനുള്ളില്‍ അനക്കമില്ലാതെ കിടന്നതിനാലാണ് കാഴ്ചക്കാര്‍ കല്ലുകളെടുത്ത് എറിഞ്ഞത്. കല്ലെറിയുന്ന ആളുകളെ പിന്തിരിപ്പിക്കാന്‍ മൃഗശാലയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാറിയില്ല.

തുടര്‍ന്ന് കംഗാരുവിനെ ജീവനക്കാര്‍ കൂട്ടില്‍ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും കംഗാരുവിന്റെ കാലിനും തലയിലും കല്ലേറില്‍ ഗുരുതര പരിക്കേറ്റിരുന്നു.

ഉടന്‍ തന്നെ ചികിത്സ കൊടുത്തെങ്കിലും കംഗാരുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കംഗാരുവിന്റെ കിഡ്‌നി തുളച്ച് കല്ല് പോയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിന് മുമ്പും ഇത്തരത്തില്‍ കാഴ്ചക്കാര്‍ മൃഗങ്ങളെ പ്രകോപിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാഴ്ചക്കാരില്‍ നിന്ന് കൂടുതല്‍ അകലത്തിലേയ്ക്ക് മൃഗങ്ങളെ സൂക്ഷിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here