ബല്‍റാമിന് മറുപടിയുമായി കളക്ടര്‍ ബ്രോ

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ കൊമ്പുകോര്‍ത്ത് വി.ടി. ബല്‍റാം എം.എല്‍.എയും പ്രശാന്ത് നായര്‍ ഐഎഎസും. സിവില്‍ സര്‍വീസ് വിജയികളെ ആശംസിച്ച് പ്രശാന്ത് നായര്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിടി ബല്‍റാം ട്രോളിയിരുന്നു. അതിന് തക്ക തിരിച്ചടി നല്‍കി കളക്ടര്‍ ബ്രോ. പ്രതികരണങ്ങളുമായി മറ്റുള്ളവരും പിന്നാലെ എത്തിയതോടെ ചര്‍ച്ചയും ട്രോളും കൊഴുക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗത്ത് പ്രശാന്ത് നായര്‍ ഇങ്ങനെ കുറിച്ചിരുന്നു.

‘ഒന്നേ പറയാനുള്ളൂ, സിവില്‍ ആയിരിക്കണം, സിവില്‍ സര്‍വന്റായിരിക്കണം, സിവില്‍ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്’. ഇതിനെ ട്രോളി വി.ടി. ബല്‍റാം എംഎല്‍എയുടെ കമന്റ് ഉടനെത്തി. ‘നല്ലൊരു സിവില്‍ വക്കീലിനേ നല്ലൊരു സിവില്‍ സര്‍വ്വീസുകാരനാകാന്‍ കഴിയൂ.

ക്രിമിനല്‍ വക്കീലാണെങ്കില്‍ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാ’മെന്നായിരുന്നു ബല്‍റാമിന്റെ കമന്റ്. ഉടന്‍ തന്നെ ഞങ്ങള്‍ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാര്‍ മുകളില്‍ ചെയ്യുന്നതൊക്കെ കാണുന്നുണ്ടെന്നും എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ടെന്ന് ഓര്‍മ്മ വേണമെന്നും കളക്ടര്‍ ബ്രോയും മറുപടി നല്‍കി.

കളക്ടര്‍ ബ്രോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മറ്റുള്ളവരും കമന്റുകളുമായെത്തിയതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചയും കൊഴുക്കുകയാണ്.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്:

അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക്‌ നോവുമ്പോൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക്‌ ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോൾ ഇടംകാലുകൊണ്ട്‌ തൊഴിച്ച്‌ സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസർ വേണം, പോരുന്നോ എന്റെ കൂടെ’ എന്ന് ലാലേട്ടൻ മോഡിൽ യുപിഎസ്‌സി ചോദിച്ചപ്പൊ ചാടിവീണ എല്ലാർക്കും സ്വാഗതം. ഇക്കൊല്ലം സിവിൽ സർവീസ്‌ പരീക്ഷ പാസ്സായ എല്ലാർക്കും അഭിനന്ദനങ്ങൾ.

മുൻപ്‌ പലപ്പോഴും പറഞ്ഞ പോലെ, ഇതു വെറും ജോലിയായി കാണാതെ നിങ്ങൾക്കോരോരുത്തർക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത്‌ അപൂർവ്വമായി കിട്ടുന്ന അവസരമാണെന്ന് ഓർക്കുക. 10 ലക്ഷം പേർ ശ്രമിച്ചിട്ട്‌ നിങ്ങൾ കുറച്ചു പേരാണ്‌ തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓർക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാൻവാസ്‌ മറ്റൊരു ജോലിക്കും തരാനാവില്ല. അത്‌ മനസ്സിലാക്കുക.

വ്യക്തിപരമായി അടുപ്പമുള്ള, പ്രിപ്പറേഷൻ സമയത്ത്‌ കുറച്ചൊക്കെ സഹായിക്കാനായ ഒട്ടനവധിപ്പേർ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്‌. ഒരു കൊല്ലം നീണ്ടുനിൽക്കുന്ന മാരത്തോൺ പരീക്ഷ നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പരീക്ഷണം കൂടിയാണ്‌. പ്രതിബന്ധങ്ങൾക്ക്‌ നടുവിലും ശരിയും നന്മയും ചെയ്യാൻ ഈയൊരു മനക്കരുത്ത്‌ തുടർന്നും വേണം. നിങ്ങളെ നിരുത്സാഹപ്പെടുത്താനും തെറ്റായ വഴി തെളിക്കാനും ആൾക്കാർ കാണും. നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ വഴികാട്ടി.

ഒന്നേ പറയാനുള്ളൂ, സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക്‌ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്‌.

ബൽറാം എംഎൽഎയുടെ കമന്റ്:

നല്ലൊരു സിവിൽ വക്കീലിനേ നല്ലൊരു സിവിൽ സർവ്വീസുകാരനാകാൻ കഴിയൂ. ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം.

പ്രശാന്ത് നായരുടെ മറുപടി:
ഞങ്ങൾ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാർ മുകളിൽ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്‌. എല്ലാം കണ്ടോണ്ട്‌ താഴെയൊരുത്തനുണ്ടെന്ന് ഓർമ്മ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here