22 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന വിവാഹം

ദോല്‍പ്പുര:22 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെ ഒരു യുവാവിന്റെ വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് ഈ പ്രദേശവാസികള്‍. രാജസ്ഥാനിലെ ദോല്‍പുര ജില്ലയിലുള്ള രാജ്ഗട്ട് ഗ്രാമത്തിലാണ് 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു വിവാഹം നടക്കുന്നത്. 1996 ലാണ് ഇതിന് മുന്‍പ് ഇവിടെ അവസാനമായി ഒരു ആണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഇതിന് ശേഷമാണ് 22 വര്‍ഷങ്ങള്‍ക്കൊടുവില്‍ പവന്റെ വിവാഹം നടക്കുന്നത്.

മധ്യപ്രദേശില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് 23 വയസ്സുകാരനായ പവന് വധുവായി ലഭിച്ചത്. വിവാഹത്തിനായി വരനെ വധുഗൃഹത്തിലെത്തിക്കാന്‍ അണിയിച്ചൊരുക്കിയ കുതിരകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഗ്രാമവാസികളെല്ലാവരും സന്തോഷത്തിലായിരുന്നു. വികസനത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമമാണ് രാജ്ഗട്ട്. വൈദ്യുതി, വെള്ളം, റോഡ് സൗകര്യം എന്നിവയില്‍ ഈ ഗ്രാമം വളരെ പിന്നോട്ടാണ്. 40 ചെറിയ കൂരകളിലായാണ് ഈ ഗ്രാമത്തിലെ മുഴുവന്‍ പേരും താമസിക്കുന്നത്. മൊത്തം 300 ലധികം പേര്‍ ഈ ഗ്രാമത്തിലുണ്ട്.

പട്ടിണിയും തൊഴിലില്ലായ്മയുമാണ് മറ്റ് പ്രശ്‌നങ്ങള്‍. ടിവിയും ഫ്രിഡ്ജും നേരിട്ട് കണ്ടവര്‍ വളരെ ചുരുക്കം. ഗ്രാമത്തില്‍ ഒരു അടിസ്ഥാന സൗകര്യമെന്ന നിലയില്‍ എടുത്ത് കാണിക്കാന്‍ ആകെയുള്ളത് ഒരു പ്രൈമറി സ്‌കൂള്‍ മാത്രമാണ്. സമീപത്ത് കൂടി ഒഴുകുന്ന പുഴയാണ് വെള്ളത്തിനായുള്ള ഏക ആശ്രയം.മലിന ജലം കാരണം ഈ പുഴ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇത്രയും അവികസിതമായ ഒരു പ്രദേശമായത് കൊണ്ട് തന്നെ പെണ്‍കുട്ടികളെ ഇങ്ങോട്ടേക്ക് വിവാഹം കഴിപ്പിച്ചയക്കുവാന്‍ മറ്റുള്ള ഗ്രാമവാസികള്‍ക്ക് ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല.

ഈ ഗ്രാമത്തിലെ പെണ്‍കുട്ടികളെ ഇവിടുത്തെ അണുങ്ങള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കുവാന്‍ ഇവിടുത്തെ മാതാപിതാക്കളും ഒരുക്കമായിരുന്നില്ല. എത്രയും വേഗം തങ്ങളുടെ കുട്ടികളെയെങ്കിലും ഇവിടെ നിന്നും രക്ഷിക്കുവാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.

അതുകൊണ്ട് തന്നെ അവിവാഹിതരായി കഴിയാനായിരുന്നു ഇവിടുത്തെ ആണുങ്ങളുടെ വിധി. ഇതിനെല്ലാമൊടുവിലാണ് പവന് ഈ മാംഗല്യ ഭാഗ്യം തേടിയെത്തിയത്. രാജ്ഗട്ടില്‍ വികസനങ്ങള്‍ ഒരുക്കുവാന്‍ വേണ്ടി സമൂഹ മാധ്യമങ്ങളിലടക്കം നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ സേവ് രാജ്ഗട്ട് ഹാഷ്ടാഗുകളുമായി രംഗത്തുണ്ടെങ്കിലും ഇതൊന്നും അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here