വിദ്യാര്‍ത്ഥികള്‍ ബാഗില്‍ കൊണ്ടുവരുന്നത് എന്തൊക്കെയാണ് ? ഈ സ്‌കൂളില്‍ നിന്നുള്ള കാഴ്ച അമ്പരപ്പിക്കും

ലക്‌നൗ : താടിവടിക്കുന്ന കത്തി, മുടിവെട്ടാനുള്ള ട്രിമ്മര്‍, ഷെയ്‌വിങ് ക്രീം, മൂര്‍ച്ചയേറിയ പലരൂപത്തിലുള്ള ബ്ലേഡുകള്‍, സിഗരറ്റ് പായ്ക്കറ്റ്, പാന്‍മസാല, അശ്ലീല മാഗസിനുകള്‍, ഐപോഡ്, മൊബൈല്‍ ഫോണ്‍, അള്‍ട്ര സിം ലാപ്‌ടോപ്പുകള്‍. ഈ ലിസ്റ്റ് വായിക്കുമ്പോള്‍ അസ്വാഭാവികത തോന്നില്ലായിരിക്കാം.പക്ഷേ ഇവയെല്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് കണ്ടെടുത്തവയാണെന്ന് അറിയുമ്പോഴാണ് അമ്പരപ്പുളവാകുക.ഇവയെല്ലാം പിടിച്ചെടുത്തിരിക്കുന്നത്,കഴിഞ്ഞ ദിവസം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആറാം ക്ലാസുകാരിയുടെ ആക്രമണത്തിന് ഇരയായ ബ്രൈറ്റ്‌ലാന്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ്.കഴിഞ്ഞയാഴ്ചയാണ് ഇവിടെ ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസുകാരി ടോയ്‌ലറ്റില്‍ വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്.ഗുരുതര പരിക്കുകളോടെ വിദ്യാര്‍ത്ഥി ചികിത്സയിലാണ്. സ്‌കൂള്‍ നേരത്തേ വിടാന്‍ വേണ്ടിയാണ് പെണ്‍കുട്ടി ആറുവയസ്സുകാരനെ ആക്രമിച്ചത്.ആക്രമിച്ച കുട്ടിയെ, 24 മണിക്കൂര്‍ നേരത്തെ ജുവനൈല്‍ ഹോം വാസത്തിന് ശേഷം, കോടതി ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. അതേസമയം വിവരം മറച്ചുവെച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റിമാന്‍ഡിലുമാണ്.ഈ ദാരുണ സംഭവത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അശ്ലീല മാഗസിന്‍ കണ്ടെടുത്തു.ഈ പുസ്തകം ബ്രൗണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് സയന്‍സ് ബുക്ക് എന്ന് നെയിംസ്ലിപ്പ് പതിച്ചിട്ടുമുണ്ട്. നിരവധി ആണ്‍കുട്ടികളില്‍ നിന്ന് സിഗരറ്റ് പാക്കറ്റും ലൈറ്ററുകളും കണ്ടെടുത്തു.ചില ആണ്‍കുട്ടികളില്‍ നിന്ന് ഷേവിംഗ് സെറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ക്രീമിന് പുറമെ മുടിവെട്ടുന്ന ട്രിമ്മറുകളും സ്‌കൂളില്‍ കൊണ്ടുവരുന്നതായി കണ്ടെത്തി.വീട്ടില്‍വെച്ച് ഷേവ് ചെയ്യാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനാലാണ് സ്‌കൂളില്‍ ഇവ കൊണ്ടുവരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.വൈകുന്നേരം വീട്ടിലേക്ക് പോകും മുന്‍പ് സ്‌കൂളില്‍വെച്ച് ഷേവ് ചെയ്യുകയാണ് പതിവെന്നും ഇവര്‍ വ്യക്തമാക്കി.കത്രിക,പലതരം ബ്ലേഡുകള്‍, നെയില്‍ പോളിഷ്, ലിപ്സ്റ്റിക്, പെര്‍ഫ്യൂം തുടങ്ങിയവയാണ് പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തത്.കൂടാതെ നിരവധി വിദ്യാര്‍ത്ഥികള്‍ ഐപോഡുകളും മൊബൈല്‍ ഫോണുകളും, മിനി ലാപ്‌ടോപ്പുകളും സ്‌കൂളില്‍ കൊണ്ടുവരാറുണ്ട്.മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്കുണ്ടെങ്കിലും വിദ്യാര്‍ത്ഥികളില്‍ പലരും ബാഗിലും മറ്റും ഒളിപ്പിച്ച് എത്തിക്കുകയാണ് ചെയ്യുന്നത്.ഇവയെല്ലാം പിടിച്ചെടുത്ത വിവരം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ധ്യാപകര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here