പോളിയാമറി കേരളത്തിലും വ്യാപകമാകുന്നു

ചെന്നൈ : പോളിയാമറി പ്രണയരീതി കേരളത്തിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമാകുന്നു. ഒന്നില്‍ അധികം പേരെ പരസ്പര സമ്മതത്തോടെ പ്രണയിക്കുന്നതാണ് പോളിയാമറി. ഒരു പ്രധാന പങ്കാളിയും ഒരു സഹ പങ്കാളിയും എന്ന രീതിയിലാണ് സാധാരണഗതിയില്‍ പോളിയാമറി.

എന്നാല്‍ ഒന്നില്‍ കൂടുതല്‍ ഉപ പങ്കാളികളുള്ള ബന്ധങ്ങളുമുണ്ട്. ഇത്തരം ബന്ധങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പോളിയാമറിയില്‍ മുഴുവന്‍ പങ്കാളികള്‍ക്കും ഒരെ പ്രാധാന്യം കല്‍പ്പിച്ചുള്ള ബന്ധങ്ങളുമുണ്ട്.

ബന്ധത്തില്‍ പരസ്പര സമ്മതമുള്ളതിനാല്‍ നുണകള്‍ക്ക് സാധ്യതയില്ലെന്നതും തുറന്ന ഇടപെടലായിരിക്കുമെന്നതുമാണ് സവിശേഷത. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലര്‍ത്തുന്ന രീതിയെന്ന് പോളിയാമറി എന്ന ഇംഗ്ലീഷ് വാക്കിന് അര്‍ത്ഥമുണ്ട്.

എന്നാല്‍ ഈ ബന്ധങ്ങളില്‍ ലൈംഗികതയ്ക്ക് അത്രമേല്‍ പ്രാധാന്യമില്ലെന്നാണ് പ്രധാന വിലയിരുത്തല്‍. ഗ്രീക്കിലാണ് പോളിമറി എന്ന വാക്കിന്റെ ഉദ്ഭവം. എഴുത്തുകാരി മോണിങ് ഗ്ലോറി സെല്‍ റേവന്‍ഹാര്‍ട്ടിന്റെ ‘എ ബാങ്കറ്റ് ഓഫ് ലവേര്‍സ്
എന്ന രചനയില്‍ 1990 ലാണ് പോളിമറി എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

പ്രണയ രീതികളിലെ വൈദേശിക അനുകരണത്തിന്റെ ഫലമായാണ് ഇതിന് ഇന്ത്യയില്‍ പ്രചാരം ലഭിച്ചത്. പോളിമറി ബന്ധമുള്ളവര്‍ അത് തുറന്നുപറയാന്‍ മടിക്കുന്നില്ലെന്നതും പ്രത്യേകതയാണ്.

പരസ്പര സമ്മതത്തോടെയും ബഹുമാനത്തോടെയും തുല്യ പങ്കാളിത്തത്തോടെയുമുള്ള പ്രണയബന്ധങ്ങളാകയാല്‍ പോളിമറിയെന്നത് മറച്ചുവെയ്‌ക്കേണ്ട ഒന്നല്ലെന്നതാണ് ആധുനിക യുവത്വത്തിന്റെ പക്ഷം.

ജീവിത പങ്കാളിയെ കൂടാതെ രഹസ്യമായി മറ്റൊരാളുമായി അടുപ്പം പുലര്‍ത്തുന്നവരെ പോളിഗാമിയെന്നും ഏക പങ്കാളിയെന്ന കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നവരെ മോണോഗാമിയെന്നുമാണ് വിശേഷിപ്പിക്കാറ്.

LEAVE A REPLY

Please enter your comment!
Please enter your name here