വാക്‌പോരുമായി അമേരിക്കയും ഇറാനും

വാഷിങ്ടണ്‍ : ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇറാനെതിരെ ഭീഷണിയുമായി അമേരിക്ക. 12 കാര്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ രൂക്ഷമായ ഉപരോധ നടപടികള്‍ നേരിടേണ്ടിവരും.

ഇറാനെ സാമ്പത്തികമായി നശിപ്പിക്കുമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രഖ്യാപനം.കടുത്ത ഉപരോധങ്ങളില്‍ ഇറാന്‍ ഞെരുങ്ങും. ടെഹ്‌റാനിലെ നേതാക്കള്‍ക്ക് അക്കാര്യത്തില്‍ സംശയമുണ്ടാകില്ല.

ഭരണകൂടത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും പോംപിയോ മുന്നറിയിപ്പ് നല്‍കി. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക, ഇറാനെ തകര്‍ക്കാനുള്ള നീക്കങ്ങളിലാണെന്നാണ് പോംപിയോയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

12 കാര്യങ്ങളാണ് അമേരിക്ക ഇറാന് മുന്‍പില്‍ വെയ്ക്കുന്നത്. സിറിയയില്‍ നിന്ന് പിന്‍മാറണം, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കണം, യെമനിലെ ഇടപെടലുകള്‍ അവസാനിപ്പിക്കണം.

ജല റിയാക്ടറുകള്‍ പൂട്ടണം, അമേരിക്കന്‍ പൗരന്‍മാരെ വിട്ടയ്ക്കണം, താലിബാന്‍, ഹൂതി, ഹിസ്ബുല്ല ഹമാസ് എന്നിവര്‍ക്കുള്ള സഹായം നിര്‍ത്തണം, ഇറാഖ് സര്‍ക്കാരിനെ പിന്‍തുണയ്ക്കണം, തുടങ്ങിയവയാണിത്.

എന്നാല്‍ അമേരിക്കയ്ക്ക് അതേനാണയത്തില്‍ ശക്തമായ മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. ഇതൊക്കെ തീരുമാനിക്കാന്‍ അമേരിക്കയാരാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനി തിരിച്ചടിച്ചു.

ഇറാന്റെയും ലോകത്തിന്റെയും കാര്യങ്ങള്‍ തീരുമാനിക്കന്‍ അമേരിക്കയ്‌ക്കെന്ത് അവകാശം. അമേരിക്കയുടെ വാക്കുകള്‍ ലോകം മുഖവിലയ്‌ക്കെടുക്കുന്നില്ല. എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടെന്നും റൗഹാനി വാര്‍ത്താ കുറിപ്പിലൂടെ പ്രതികരിച്ചു.

ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങാന്‍ അമേരിക്ക തീരുമാനിച്ചതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ പോര്‍മുഖം തുറന്നത്. പുതിയ കര്‍ശനവ്യവസ്ഥകള്‍ ഇല്ലാതെ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് ട്രംപിന്റേത്.

പക്ഷേ ഈ കരാറില്‍ ഒരു ഭേദഗതിയും അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. 2015 ലാണ് അമരിക്കയും ഇറാനും തമ്മില്‍ കരാറുണ്ടാക്കിയത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഓമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയും തമ്മിലുള്ള ആശയവിനിമയമാണ് കരാറിലേക്ക് നയിച്ചത്.

ആണവ പദ്ധതികള്‍ കുറയ്ക്കുമെന്ന് ഇറാന്‍ നിലപാടെടുത്തു. ഇതോടെ അമേരിക്ക ഇറാനുമേലുള്ള ഉപരോധങ്ങള്‍ നീക്കി. യുഎസ്,ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ കരാറിലൊപ്പിട്ടിരുന്നു.

ഈ കരാര്‍  പ്രകാരമാണ് ഇറാനെതിരായ ഉപരോധങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ അന്നുണ്ടാക്കിയത് ഒരു ഭ്രാന്തന്‍ കരാറാണെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here