സൈനിക അഴിച്ചുപണി ഇക്കാരണങ്ങളാല്‍

റിയാദ് : സൗദി അറേബ്യന്‍ ഭരണകൂടം പൊടുന്നനെ സൈനിക നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടത്തിയത് ലോകരാഷ്ട്രങ്ങളില്‍ സംശയചിന്തയ്ക്ക് വഴിവെച്ചിരുന്നു. എന്താകാം പെട്ടെന്ന് ഇത്തരത്തിലൊരു സൈനിക പുനസംഘടനയ്ക്കുള്ള കാരണമെന്നാണ് രാജ്യത്തലവന്‍മാരും നയതന്ത്രജ്ഞരും മാധ്യമങ്ങളുമെല്ലാം ചികഞ്ഞുകൊണ്ടിരിക്കുന്നത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രദ്ധേയ നീക്കമാണിതെന്നാണ് സൗദി മാധ്യമങ്ങള്‍ വാഴ്ത്തിയത്. അപ്പോഴും ഇത്തരമൊരു നടപടിക്കുള്ള കാരണമെന്താണെന്നതില്‍ അവ്യക്തത തുടര്‍ന്നു. അഴിച്ചുപണിക്കുള്ള കാരണം ഭരണകൂടം വിശദീകരിക്കാതിരുന്നതോടെ സംശയമേറുകയായിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച് ചില സുപ്രധാന സൂചനകള്‍ പുറത്തുവരികയാണ്. യെമനില്‍ സൗദി സൈന്യത്തിന്റെ നിരന്തര പാളിച്ചകളുടെ പശ്ചാത്തലത്തിലാണ് സൈനിക പുനസംഘടനയെന്നാണ് വിവരം. ഹുതി വിമതര്‍ക്കെതിരെ യെമനില്‍ സൗദി സൈന്യം പോരാടിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ആക്രമണത്തില്‍ ആറായിരത്തോളം സാധാരണക്കാര്‍ ഇരയാക്കപ്പെട്ടതിനെതിരെ ഭരണകൂടം രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 22.2 ദശലക്ഷം സാധാരണ ജനങ്ങളാണ് ഇവിടെ വിമതരുടെയും സൗദി സൈന്യത്തിന്റെയും പോരാട്ടത്തിനിടയില്‍പ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ യെമനില്‍ സൈന്യത്തിന്റെ വീഴ്ചയും തുടര്‍ പാളിച്ചകളും തിരിച്ചറിഞ്ഞതിനാല്‍ സമഗ്രമായ അഴിച്ചുപണി നടത്തുകയായിരുന്നുവെന്നാണ് ഒരു വിലയിരുത്തല്‍. അതേസമയം മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിന് തൊട്ടുമുന്‍പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സുപ്രധാന നടപടി സ്വീകരിച്ചതെന്നും ചിലര്‍ ചേര്‍ത്തുവായിക്കുന്നുണ്ട്.

മാര്‍ച്ചില്‍ ലണ്ടന്‍, അമേരിക്ക എന്നിവടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. യുഎസും ലണ്ടനുമായുള്ള വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമാണ് സൈനിക അഴിച്ചുപണിയെന്നാണ് ഇക്കൂട്ടരുടെ വാദം.

എന്നാല്‍ ഇതുകൊണ്ടൊന്നുമല്ലെന്ന വാദവും ശക്തമാണ്. സൗദി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് സൈനിക അഴിച്ചുപണിയെന്നാണ് മറുപക്ഷത്തിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here