യുവാക്കള്‍ ‘എക്‌സ്റ്റസി’ക്ക് അടിമപ്പെടുന്നു

കൊച്ചി : ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ടയാണുണ്ടായത്. എംഡിഎംഎ അഥവാ മെഥലീന്‍ ഡയോക്‌സി മെത് ആംഫെറ്റമിന്‍ എന്ന മയക്കുമരുന്നിന്റെ അഞ്ച് കിലോ ശേഖരം പിടികൂടി. പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇവര്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റത്തവണ ഇത്രയുമളവില്‍ എംഡിഎംഎ സംസ്ഥാനത്ത് കണ്ടുകെട്ടപ്പെടുന്നത് ഇതാദ്യമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എക്സ്റ്റസി എന്നാണ് ഈ മയക്കുമരുന്നിന്റെ വിളിപ്പേര്.

മുന്‍പ്, അഞ്ച് കോടിയുടെ എക്‌സ്റ്റസി കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കേരളത്തില്‍ ഈ മയക്ക് മരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് ആ ഘട്ടത്തിലാണ് വ്യക്തമാകുന്നത്. ഉപയോക്താക്കളെ അതിവേഗം ലഹരിമൂര്‍ഛയില്‍ എത്തിക്കുന്നുവെന്നതാണ് ഇതിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്.

ലഹരി ഏറെ നേരം നില്‍ക്കുമെന്നതിനാലും യുവത ഉന്‍മാദാവസ്ഥ കൈവരിക്കാന്‍ ഇതുപയോഗിക്കുന്നു. കൂടാതെ ഉപയോഗിച്ചാല്‍ പ്രത്യേകിച്ചൊരു മണമില്ലാത്തതിനാല്‍ മറ്റുള്ളവര്‍ പെട്ടെന്ന് മനസ്സിലാക്കുകയുമില്ല.

എന്നാല്‍ വന്ധ്യതയുള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. നിശാപാര്‍ട്ടികളിലെ മുഖ്യ ലഹരി ഘടകമായി ഇത് മാറിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഐ 100 മില്ലി ഗ്രാമിന് 6500 രൂപ വരെയാണ് വില.

കൊച്ചി, തിരുവനന്തപുരം,കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് ഈ മയക്കുമരുന്ന് കണ്ടെടുക്കുകയും അറസ്റ്റ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് തന്നെ മയക്കുമരുന്ന് വില്‍പ്പനയ്ക്കായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറയുന്നു.

ചില ആഫ്രിക്കന്‍ സ്വദേശികള്‍ മുഖേനയാണ് ഇതെത്തുന്നതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക സൂചന. എന്നാല്‍ ആലുവയില്‍ അറസ്റ്റിലായവരില്‍ നിന്ന് മറ്റൊരു വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി പാലക്കാടേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതിയെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. വാട്‌സ് ആപ്പ് മുഖേനയാണ് നിര്‍ദേശങ്ങള്‍ വരികയെന്നും റാക്കറ്റിന്റെ അറ്റം ഏതെന്ന് അറിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here