ഭര്‍തൃശമ്പളമറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്‌

ജബല്‍പൂര്‍ : ഭര്‍ത്താവിന്റെ ശമ്പളാനുകൂല്യങ്ങള്‍ എത്രയാണെന്ന് അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് എസ് കെ സേത്ത്, നന്ദിത ദുബേ എന്നിവരുടെ ബഞ്ചിന്റേതാണ് നിരീക്ഷണം. സുനിത ജയിന്‍ എന്ന വനിതയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രധാന വിധിപ്രസ്താവം.

വിവാഹമോചനം നേടിയ ഭര്‍ത്താവ് അനുവദിക്കുന്ന ജീവനാംശത്തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ബിഎസ്എന്‍എല്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ പവന്‍കുമാര്‍ ജയിനിനെതിരെയാണ് വിവാഹമോചനം നേടിയ സുനിത ജയിന്‍ കോടതിയെ സമീപിച്ചത്.

പവന്‍ ഉയര്‍ന്ന തുക ശമ്പളമായി പിന്‍വലിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് ജീവനാംശമായി 7000 രൂപ മാത്രമേ നല്‍കുന്നുള്ളൂവെന്നുമായിരുന്നു ഇവരുടെ പരാതി. എന്നാല്‍ പവന്‍ തന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ കോടതി സുനിതയുടെ വാദം തള്ളി.

എന്നാല്‍ ഭര്‍ത്താവിന്റെ യഥാര്‍ത്ഥ ശമ്പളം എത്രയെന്നറിയാന്‍ സുനിത വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുകയും സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ തന്റെ ശമ്പളം എത്രയെന്നറിയാന്‍ സുനിതയ്ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി പവന്‍ ഹൈക്കോടതിയെ സമീപിച്ചു.

ഇതേതുടര്‍ന്ന് സിഐസിയുടെ ഉത്തരവ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് റദ്ദാക്കി. തുടര്‍ന്നാണ് സുനിത ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുന്നത്. ഹര്‍ജി പരിഗണിച്ച ബഞ്ച്, പവന്റെ ശമ്പളം എത്രയെന്നറിയാന്‍ സുനിതയ്ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു.

സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി വിവരാവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ ശമ്പളം വെളിപ്പെടുത്തിയ സിഐസിയുടെ നടപടി പുനസ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here