യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ചിക്കബല്ലാപുര :ചിലവിന് കൊടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊന്നു. ശേഷം മൃതദേഹം രണ്ടു ഭാഗങ്ങളാക്കി വെവ്വേറെ സ്ഥലങ്ങളില്‍ വെച്ച് കത്തിച്ചു.

കര്‍ണ്ണാടകയിലെ ചിക്കബല്ലാപുരയിലാണ് അത്യന്തം ഹീനമായ ഈ കുറ്റകൃത്യം നടന്നത്. ചിക്കബല്ലാപുര സ്വദേശി 34 വയസ്സുകാരനായ രാജേഷാണ് ഭാര്യ ലക്ഷ്മിയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷ്മി സ്വന്തം വീട്ടില്‍ താമസിക്കുവാന്‍ പോയ നേരം രാജേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലക്ഷ്മിയും രാജേഷും കോടതിയില്‍ വെച്ച് വേര്‍പിരിഞ്ഞു.ലക്ഷ്മിയുടെയും കുട്ടിയുടെയും ചിലവിനായി പ്രതിമാസം 1500 രൂപ നല്‍കണമെന്ന്  കോടതി രാജേഷിനോട് ഉത്തരവിട്ടിരുന്നു. ആദ്യത്തെ കുറച്ച് മാസങ്ങളില്‍ രാജേഷ് കൃത്യമായി പണം നല്‍കി. എന്നാല്‍ പിന്നീട് ഇതില്‍ മുടക്കം വരുത്തുവാന്‍ തുടങ്ങി.

ഇതിനെ തുടര്‍ന്ന് ലക്ഷ്മി യുവാവിനെ ഫോണില്‍ വിളിച്ചു കയര്‍ത്തു സംസാരിച്ചു. എന്നാല്‍ തന്റെ കയ്യില്‍ പണം ഇല്ലെന്നും വീട്ടില്‍ ഒരുമിച്ച് താമസിക്കണമെന്നും ലക്ഷ്മിയോട് രാജേഷ് പറഞ്ഞു.

ഇതു പ്രകാരം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ലക്ഷ്മി തിരിച്ച് ഭര്‍തൃവീട്ടിലേക്ക് വന്നത്. ഇതിനിടെ വീണ്ടും തര്‍ക്കം ഉടലെടുക്കുകയും രാജേഷ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

രാജേഷ് തന്നെയാണ് യുവതിയെ കാണാതായെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here