കാട്ടുപോത്ത് മേല്‍ക്കൂര തകര്‍ത്ത് വീട്ടിനുള്ളില്‍

മറയൂര്‍: അര്‍ധരാത്രി വീടിന്റെ മുകളില്‍ കയറിയ കാട്ടുപോത്ത് മേല്‍ക്കൂര തകര്‍ന്ന് വീടിനുള്ളില്‍ വീണു. പഴനി ശബരി തീര്‍ഥാടന പാതയില്‍ മറയൂരില്‍നിന്ന് ആറുകിലോമീറ്റര്‍ അകലെ പള്ളനാട് ഭാഗത്ത് റോഡരുകിലുള്ള വീട്ടിലാണ് കാട്ടുപോത്ത് വീണത്.

പള്ളനാട് തിരുമുല്‍സ്വാമി വാടകയ്ക്ക് നല്‍കിയ വീടിന്റെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റിനു മുകളില്‍ കയറിയ കാട്ടുപോത്താണ് ഷീറ്റ് തകര്‍ന്ന് വീടിനുള്ളില്‍ പതിച്ചത്. താമസക്കാരായ രാംകുമാര്‍, ഭാര്യ മേഖല, അമ്മ സരസ്വതി എന്നിവര്‍ സമീപത്ത് ബന്ധുവിന്റെ മരണവീട്ടിലായിരുന്നു.

വീടിനുള്ളില്‍ നിന്നും ശബ്ദം കേട്ട് അയല്‍വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് രാംകുമാര്‍ എത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ കാട്ടുപോത്തിനെ കണ്ടത്. വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും കാട്ടുപോത്ത് തകര്‍ന്നു.

വിവരമറിഞ്ഞെത്തിയ വനപാലകര്‍ കാട്ടുപോത്തിനെ പുറത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും രോഷാകുലരായ പ്രദേശവാസികള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ പ്രദേശവാസികളുമായി ചര്‍ച്ചനടത്തി.

മുന്‍കരുതല്‍ സ്വീകരിച്ചശേഷം രാവിലെ കാട്ടുപോത്തിനെ രക്ഷപ്പെടുത്താമെന്ന ധാരണയിലെത്തി. 11 മണിക്കൂര്‍ വീടിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്ത് വീണ്ടും കാടുകയറിയത് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ്.

വീടിന്റെ ഉടമയ്ക്കും താമസക്കാരനും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയെ വിവരം അറിയിച്ചു.

വനംമന്ത്രിയെ കണ്ട എംഎല്‍എ അടിയന്തിര നടപടി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി കെ രാജു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം 1.70 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കി.

അതേസമയം പള്ളനാട്, മംഗള പാറ, നാച്ചിവയല്‍ പോലുള്ള ജനവാസമേഖലകളില്‍ സംരക്ഷണവേലി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ നിര്‍ദേശം മുന്നോട്ടുവച്ചു. സംരക്ഷണ വേലി ഉടന്‍ നിര്‍മിക്കുമെന്നും വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ രണ്ടു വാച്ചര്‍മാരെ നിയമിക്കുമെന്നും ഡി.ഫ്.ഒ അഫ്‌സല്‍ അഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here