‘മാണിക്യ മലരായ പൂവി പിന്‍വലിക്കില്ല’

കൊച്ചി : ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ഹൈദരാബാദ് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇത്തരത്തില്‍ ഗാനം വിവാദത്തിന് വഴിമരുന്നിട്ടതോടെ യൂ ട്യൂബില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഒമര്‍ ലുലു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം 16 ദശലക്ഷം പേരാണ് കണ്ടത്.

കൂടാതെ വിദേശങ്ങളിലടക്കം പാട്ട് വൈറലാവുകയും ചെയ്തു. മതനിന്ദയ്ക്ക് ഇടയാക്കുന്നതാണെന്ന് കാണിച്ച് ഹൈദരാബാദിലെ ഒരു സംഘം മുസ്ലിം യുവാക്കളാണ് നടി പ്രിയ വാര്യര്‍ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ പരാതി നല്‍കിയത്. പ്രവാചകനെ അവഹേളിക്കുന്നതാണ് ഗാനമെന്നാണ് ഇവരുടെ വാദം.ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് കേട്ടപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പിഎംഎ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ് ഗാനം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ ആലാപന മികവ് കൂടിയായപ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റായി. ഒപ്പം പ്രിയ വാര്യര്‍ എന്ന 18 കാരിയുടെ പുരികമുയര്‍ത്തലും കണ്ണിറുക്കലും പ്രേക്ഷകമനം കവര്‍ന്നു. ഗാനം പുറത്തിറങ്ങിയതോടെ പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമാവുകയായിരുന്നു.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന അഭിനേത്രിയായി മാറുകയും ചെയ്തു. ഇതോടെ പ്രിയയുടെ മാനറിസങ്ങള്‍ ഉപയോഗിച്ച് ട്രോള്‍ വീഡിയോകളും പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് പോലുമില്ലാതിരുന്ന പെണ്‍കുട്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ സല്‍മാനെയും അനുഷ്‌ക ഷെട്ടിയെയും മറികടന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അഭിനയിച്ച ചിത്രം ഇറങ്ങുംമുന്‍പാണ് ഈ നേട്ടമെന്നതും അഭിനന്ദനാര്‍ഹമാണ്. ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിന് 1.9 ദശലക്ഷം അനുഗാമികളുണ്ട്. അനുഷ്‌ക ഷെട്ടിക്ക് ഇരുപത് ലക്ഷത്തോളം അനുകൂലികളുണ്ട്. എന്നാല്‍ പ്രിയയുടെ ഇപ്പോഴത്തെ പിന്‍തുണ 2.9 ദശലക്ഷമാണ്. വെറും 37 പോസ്റ്റുകള്‍ മാത്രമുള്ള ഈ പെണ്‍കുട്ടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത്രയും പിന്‍തുണയാര്‍ജിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here