വീട്ടമ്മ നാവ് മുറിച്ച് ക്ഷേത്രത്തിന് സമര്‍പ്പിച്ചു

ഭോപ്പാല്‍: ഭക്തി മൂത്ത മദ്ധ്യവയസ്‌ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിലാണ് സംഭവം.
ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഡി തോമര്‍ (45) എന്ന സ്ത്രീയാണ് ബുധനാഴ്ച നാവ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത നാവ് ഇവര്‍ ബിജാസെന്‍ മാതാ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ക്ഷേത്രത്തിലെത്തിയ ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കത്തിയെടുത്ത് നാവ് മുറിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ബോധം കെട്ട് വീണു. ചോരയില്‍ കുളിച്ച് ബോധം കെട്ട ഇവരെ മറ്റ് വിശ്വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇവരുടെ നാവ് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല. ഡോക്ടര്‍മാരും ഇതിനെ കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. മറ്റാരുടേയും പ്രേരണയില്‍ അല്ല യുവതി നാവ് മുറിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശ്വാസത്തിന്റെ പുറത്താണ് ഈ കടുംകൈ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഗുഡ്ഢി തോമര്‍ വലിയൊരു ദുര്‍ഗ ഭക്തയാണെന്നും വിവാഹം നടന്ന അന്ന് മുതല്‍ രാവിലേയും വൈകീട്ടും ദുര്‍ഗാ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും ഭര്‍ത്താവ് രവി തോമര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനാണെന്നും പറഞ്ഞാണ് ബുധനാഴ്ച വീട്ടില്‍ നിന്നും പോയത്. നാവ് മുറിച്ച് ക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here