വയനാട്ടില്‍ ആദിവാസി സ്ത്രീയ്ക്ക് ദാരുണാന്ത്യം

മാനന്തവാടി: വയനാട്ടില്‍ ചികില്‍സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചെന്ന് പരാതി. എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ചപ്പയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും അവശനിലയിലായ അവരെ കിടത്തി ചികിത്സിക്കാതെ ആശുപത്രി അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു.

മരുന്ന് കഴിച്ചിട്ടും അസുഖം കുറവില്ലെങ്കില്‍ വരണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തിരികെ വീടെത്തിയ ഉടന്‍ ചപ്പ കുഴഞ്ഞ് വീഴുകയും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്ന് രാവിലെ ഒമ്പതര മണിയോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ കിടക്കയില്ലെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചാപ്പയ്ക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here