തലമുടി കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

ഛണ്ഡീഗഡ്: ഹരിയാനയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കളിപ്പാട്ട കാറില്‍ തലമുടി കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. ഛണ്ഡീഗഡിലെ പിഞ്ചോറിലുള്ള യാദവീന്ദ്ര ഗാര്‍ഡന്‍സ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം.

പഞ്ചാബ് സ്വദേശിനിയായ പുനീത് കൗറാണ് അപകടത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പമാണ് പുനീത് പാര്‍ക്കിലെത്തിയത്. ഇവര്‍ ഗോ കാര്‍ട്ട് എന്നറിയപ്പെടുന്ന വാഹനത്തില്‍ കയറി.

തുടര്‍ന്ന് വേഗത്തില്‍ ഓടുകയായിരുന്ന കാറിന്റെ ചക്രത്തിനിടയില്‍ യുവതിയുടെ തലമുടി കുരുങ്ങുകയായിരുന്നു. ശിരോചര്‍മ്മം വേര്‍പെട്ട് ഗുരുതരവാസ്ഥയിലായ പുനീത് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.

ഭര്‍ത്താവ് അമര്‍ദീപ് സിംഗ് ആണ് വണ്ടി ഓടിച്ചിരുന്നത്. പുനീത് സൈഡില്‍ ആണ് ഇരുന്നിരുന്നത്. ഇവരുടെ രണ്ടുവയസുകാരനായ മകനെ ബന്ധുവിന്റെ കൂടെ നിര്‍ത്തിയാണ് ഇരുവരും വണ്ടിയില്‍ കയറിയത് .

റൈഡിനിടെ പൂനത്തിന്റെ തലമുടി കാറിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ പുനീത് നിലവിളിച്ചു. അമര്‍ദീപ് വണ്ടി നിര്‍ത്തിയെങ്കിലും പുനീതിന്റെ തലയില്‍ നിന്നും ഹെല്‍മറ്റ് വീണു പോയിരുന്നു.

ബോധം നഷ്ടപ്പെട്ട പുനീതിനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഗോ കാര്‍ട്ടില്‍ കയറുന്നവര്‍ക്കെല്ലാം ഹെഡ് ഗിയര്‍ അടക്കമുള്ള സുരക്ഷാ കവചങ്ങള്‍ നല്‍കാറുണ്ടെന്നും, ഇത് ഉറപ്പു വരുത്തുന്നതിനായി ഒരു ജീവനക്കാരനെ നിയമിച്ചിട്ടും വീഴ്ച സംഭവിച്ചത് നടുക്കമുളവാക്കുന്നതാണെന്നും പാര്‍ക്ക് മാനേജര്‍ നീരജ് ഗുപ്ത പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here