ദമ്പതികള്‍ അടിച്ചു പിരിഞ്ഞത് ഈ വിഭവത്തെച്ചൊല്ലി

ദുബൈ: നിസാര പ്രശ്‌നങ്ങളാണ് ഇന്ന് പല വിവാഹമോചനങ്ങളുടേയും കാരണം. ഇപ്പോഴിതാ ഒരു ഷവര്‍മയെച്ചൊല്ലി കല്യാണത്തിന്റെ നാല്‍പതാം ദിവസം ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഈജിപ്തിലാണ് സംഭവം.

സമീഹ എന്ന യുവതിയാണ് ഭര്‍ത്താവ് ഷവര്‍മ വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ വിവാഹമോചനക്കേസ് നല്‍കി. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹത്തിന് രണ്ട് മാസം മുമ്പാണ് താന്‍ ഇയാളെ കാണുന്നതെന്ന് യുവതി പറയുന്നു. അതുകൊണ്ട് തന്നെ ഇയാളെ വേണ്ടവിധത്തില്‍ മനസ്സിലാക്കാനായില്ല. വിവാഹത്തിന് ശേഷം മാത്രമാണ് ഭര്‍ത്താവിന്റെ സ്വഭാവം മനസിലായതെന്ന് യുവതി പറഞ്ഞു.

പുറത്ത് പോകുന്നത് പണം ചെലവുള്ള കാര്യമാണെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളില്‍ തന്നെ ഭര്‍ത്താവ് ഇപ്രകാരം തന്നോട് പറഞ്ഞത് ഞെട്ടിപ്പിച്ചുവെന്ന് സമീഹ പറഞ്ഞു.

ഈ നാല്‍പത് ദിവസത്തിനിടെ തന്നെ പുറത്തുകൊണ്ടുപോകാന്‍ ഭര്‍ത്താവ് തീരെ ആഗ്രഹിച്ചിരുന്നില്ലെന്നും യുവതി പറയുന്നു. എന്നാല്‍ ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് പുറത്ത് കൊണ്ട് പോയ ദിവസമാണ് വിവാഹമോചനത്തിന് കാരണമായ സംഭവം നടന്നത്.

തനിക്കൊരു ഷവര്‍മ വാങ്ങി തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ജ്യൂസ് വാങ്ങി നല്‍കിയെന്നും അത് കൊണ്ട് തൃപ്തിപ്പെടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ നിലപാട്.

എന്നാല്‍ താന്‍ വീണ്ടും ഷവര്‍മ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നീ എന്റെ സ്വത്ത് മുടിപ്പിക്കാന്‍ ഉണ്ടായതാണെന്ന് പറഞ്ഞെന്ന് യുവതി പറഞ്ഞു. തന്നെ യാത്രയിലുടനീളം അവഹേളിക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചതെന്നും സമീഹ പറഞ്ഞു.

ഒരു ഘട്ടത്തില്‍ കാറില്‍ നിന്ന് ഇറങ്ങി പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. തന്നോട് ബസ് പിടിച്ച് വീട്ടില്‍ പോയ്‌ക്കൊള്ളാനും ഇയാള്‍ പറഞ്ഞു. ഇത് കേട്ട് തകര്‍ന്നു പോയ താന്‍ കുടുംബാംഗങ്ങളോട് ഇക്കാര്യം പറഞ്ഞുവെന്നും പിന്നീടാണ് വിവാഹ മോചന കേസ് കൊടുത്തതെന്നും യുവതി വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here