ആപ്പിള്‍ കൈവശം വെച്ചതിന് 500 ഡോളര്‍ പിഴ

കൊളറാഡോ : വിമാനത്തില്‍ നിന്ന് നല്‍കിയ ആപ്പിളുമായി പുറത്തിറങ്ങിയ യാത്രക്കാരിക്ക് 500 ഡോളര്‍ പിഴ ചുമത്തി. കൊളറാഡോ സ്വദേശിനിയായ യുവതിക്ക് യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആണ് പിഴയിട്ടത്. ക്രിസ്റ്റല്‍ ടാഡ്‌ലോക്ക് എന്ന യുവതിയാണ് നടപടി നേരിട്ടത്.

ഡെല്‍റ്റ എയര്‍ലൈന്‍സിലായിരുന്നു സംഭവം. ഫ്രാന്‍സിലെ പാരീസില്‍ നിന്ന് സ്വദേശമായ അമേരിക്കയിലേക്കായിരുന്നു യുവതിയുടെ യാത്ര. വിമാനത്തില്‍ വെച്ച് ജീവനക്കാര്‍ ആപ്പിള്‍ കഴിക്കാനായി നല്‍കിയിരുന്നു. എന്നാല്‍ ടാഡ്‌ലോക്ക് ഈ ആപ്പിള്‍, വിശക്കുമ്പോള്‍ കഴിക്കാമെന്ന ധാരണയില്‍ ബാഗില്‍ സൂക്ഷിച്ചു.

തുടര്‍ന്ന് യുവതി അമേരിക്കയില്‍ വന്നിറങ്ങി. എന്നാല്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ആപ്പിള്‍ പൊതി പുറത്തെടുത്തു. ആപ്പിള്‍ കളയുകയോ അല്ലെങ്കില്‍ അവിടെവെച്ച് കഴിക്കുകയോ ചെയ്യട്ടെയെന്ന ചോദ്യത്തിന് പാടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

തുടര്‍ന്ന് പിഴയിടുകയുമായിരുന്നു. അമേരിക്കയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബാഗേജില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഭക്ഷസണസാധനങ്ങള്‍ കൈവശം വെയ്ക്കുമ്പോള്‍ അത് മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങേണ്ടതുണ്ട്.

ഈ യാത്രക്കാരി മുന്‍കൂട്ടി അറിയിക്കാത്തതാണ് വിനയായത്. ഇക്കാര്യത്തില്‍ ഡെല്‍റ്റ എയര്‍വേയ്‌സ് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ടാഡ്‌ലോക്ക് പറയുന്നു. കൈയില്‍ കരുതുന്ന ഭക്ഷണവസ്തുക്കളുടെ പേരില്‍ യാത്രക്കാരെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് സങ്കടകരമാണെന്നും അവര്‍ പറഞ്ഞു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ ബാഗേജില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും ഇത് ലംഘിച്ചതിനാലാണ് പിഴ ചുമത്തിയതെന്നും സിബിപി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here