വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി

അരിസോണ :വിമാനത്താവളത്തിനുള്ളില്‍ പ്രസവിച്ചതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ യുവതിയുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. യുഎസ്സിലെ അരിസോണയിലുള്ള ടക്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

ജനുവരി 14 നാണ് വിമാനത്താവളത്തിനുള്ളിലെ ശുചിമുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് കിടന്ന നവജാത ശിശുവിനെ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പാണ് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും യുവതിയെ തിരിച്ചറിഞ്ഞത്.

ബാത്ത്‌റൂമില്‍ വെച്ച് യുവതിയെ ഒരു ശുചീകരണ തൊഴിലാളി കണ്ടിരുന്നു. യുവതിയുടെ വസ്ത്രത്തിലും കുട്ടിയുടെ ശരീരത്തിലും ചോര കണ്ടതിനെ തുടര്‍ന്ന് ജീവനക്കാരിക്ക് സംശയം ഉണ്ടായെങ്കിലും തനിക്ക് ഒന്നുമില്ലെന്ന് യുവതി ഇവരോട് പറഞ്ഞു. കുഞ്ഞിന് മൂന്ന് മാസം പ്രായമുണ്ടെന്നും ജീവനക്കാരിയോട് ഇവര്‍ കള്ളം പറഞ്ഞു.ഇതിന് ശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ ബാത്ത്‌റൂമിനുള്ളില്‍ കണ്ടെത്തിയത്. ഒരു കത്തും കുട്ടിയുടെ അരികില്‍ നിന്നും കണ്ടെത്തിയിരുന്നു.

‘അമ്മ ഗര്‍ഭിണിയാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തന്റെ അമ്മയ്ക്ക് എന്നെ നോക്കുവാനുള്ള സാഹചര്യവും ശേഷിയുമില്ല, അതുകൊണ്ട് നിങ്ങള്‍ ആരെങ്കിലും എന്നെ സര്‍ക്കാരിനടുത്തേക്ക് എത്തിക്കണം, അപ്പോള്‍ എനിക്കൊരു നല്ല വീട് കിട്ടും’ എന്ന് കുഞ്ഞ് പറയുന്ന തരത്തിലായിരുന്നു ആ കത്തിലെഴുതിയിരുന്നത്. ഇത് യുവതി തന്നെ എഴുതി കുഞ്ഞിന് അടുത്ത് വെച്ചതാണ് എന്നാണ് പൊലീസിന്റെ നിഗമനം.

അരിസോണയില്‍ നവജാത ശിശുക്കളെ ആശുപത്രിയിലോ പൊലീസ് സ്റ്റേഷന് മുന്നിലോ ഉപേക്ഷിക്കുന്നത് കുറ്റകരമല്ല. ശിശുഹത്യകള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ 1999 ല്‍ ഈ നിയമം പാസാക്കിയത്. ഈ കുട്ടികളെ പിന്നീട് സര്‍ക്കാര്‍ വളര്‍ത്തുകയോ ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യും. സെഫ് ഹെവന്‍ സോണ്‍സ് എന്നാണ് ഇവ അറിയപ്പെടുന്നത്.

ഇക്കാരണത്താലാകാം യുവതി വിമാനത്താവളത്തില്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്ന് കരുതപ്പെടുന്നു. അതേ സമയം വിമാനത്താവളം സെഫ് ഹെവന്‍ സോണല്ല, അതുകൊണ്ട് തന്നെ പിടിക്കപ്പെട്ടാല്‍ യുവതിക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here