കല്ലുങ്ക് പാലത്തിനടിയില്‍ വെച്ച് യുവതിയുടെ പ്രസവം

ഭുവനേശ്വര്‍ :യുവതി കുഞ്ഞിന് ജന്മം നല്‍കിയത് കല്ലുങ്ക് പാലത്തിനടയില്‍ വെച്ച്. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ സരുഭില ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സരുഭില സ്വദേശി മംഗലു ടിരിയയുടെ ഭാര്യ പ്രമീള ടിരിയക്കാണ് ഈ ദുരവസ്ഥ.

ആറു മാസം മുന്‍പ് ഇവരുടെ വീട് കാട്ടാന ആക്രമിച്ച് നശിപ്പിച്ചിരുന്നു. തുടര്‍ന്ന് തകര്‍ന്ന വീടിനടുത്ത് തന്നെ ഒരു താല്‍ക്കാലിക ഷെഡ് കെട്ടിയായിരുന്ന പ്രമീളയുടെയും ഭര്‍ത്താവിന്റെയും താമസം. എന്നാല്‍ കനത്ത മഴയിലും കാറ്റിലും പെട്ട് ഈ താല്‍ക്കാലിക പുരയിടവും തകര്‍ന്നു വീണു.

ഇതോടെ ദമ്പതികള്‍ക്ക് തല ചായ്ക്കാനിടമില്ലാതായി. യുവതിയുടെ ഭര്‍ത്താവ് നഷ്ട പരിഹാരത്തിനായി നിരവധി തവണ അധികൃതരുടെ പക്കല്‍ അപേക്ഷയുമായി ചെന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഗര്‍ഭ കാലയളവില്‍ പകല്‍ നേരങ്ങളില്‍ മരച്ചുവട്ടിലും രാത്രി കല്ലുങ്ക് പാലത്തിന്റെ അടിയിലുമാണ് യുവതി കഴിച്ചു കൂട്ടിയിരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ മെയ് 3 ന് രാത്രി കല്ലുങ്ക് പാലത്തിനുള്ളില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവാഴ്ച സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സ്ഥലത്തെത്തി യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here