വിവാഹത്തട്ടിപ്പിന് യുവതിക്കെതിരെ പരാതി

റൂര്‍ക്കേല : രണ്ട് ദിവസത്തേക്ക് തന്റെ ഗ്രാമത്തില്‍ പോയ തക്കത്തിന് ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് പൊലീസിന് യുവാവിന്റെ പരാതി. ഒഡീഷയിലെ റൂര്‍ക്കേലയില്‍ വ്യാഴാഴ്ചയാണ് നാടകീയ സംഭവങ്ങളുണ്ടായത്. പഴയ ഭര്‍ത്താവിന് പുറമെ പുതിയ ഭര്‍ത്താവും യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

മനഞ്ജയ് ചൗബേയാണ്‌, തന്റെ ഭാര്യ മറ്റൊരാളെ കല്യാണം കഴിച്ചെന്ന് കാണിച്ച് രഘുനാഥ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം ഇങ്ങനെ. ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായി മനഞ്ജയ് വാരാണസിക്കടുത്തുള്ള തന്റെ ഗ്രാമത്തിലേക്ക് പോയി.

രണ്ട് ദിവസം കൊണ്ട് മടങ്ങുമെന്ന് ഭാര്യ സ്മരണിക നായകിനെ അറിയിച്ചാണ് ഇദ്ദേഹം ഗ്രാമത്തിലേക്ക് തിരിച്ചത്. തുടര്‍ന്ന് ബുധനാഴ്ച അദ്ദേഹം റൂര്‍ക്കേലയില്‍ തിരിച്ചെത്തി. എന്നാല്‍ സ്മരണിക, പ്രിയരഞ്ജന്‍ എന്നൊരാളെ വിവാഹം കഴിച്ചെന്ന് അപ്പോഴാണ് മനഞ്ജയ് അറിയുന്നത്.

ബുധനാഴ്ച വൈകീട്ട് വിവാഹ സത്കാരം അരങ്ങേറുന്നുവെന്നും ഇയാള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രസ്തുത വിരുന്ന് നടക്കുന്ന സ്ഥലം ഏതെന്ന് ഇയാള്‍ അന്വേഷിച്ച് കണ്ടെത്തി. സ്മരണികയെ താന്‍ താലിചാര്‍ത്തുന്നതുള്‍പ്പെടെയുള്ള ഫോട്ടോകളും വിവാഹ സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതി അവിടെയെത്തുകയും ചെയ്തു.

ശേഷം യുവതിയുടെ പുതിയ ഭര്‍ത്താവ് പ്രിയ രഞ്ജനെ അവ കാണിച്ചു. അപ്പോഴാണ്, യുവതി നേരത്തേ വിവാഹിതയാണെന്ന കാര്യം പ്രിയരഞ്ജന്‍ തിരിച്ചറിയുന്നത്. ഇതോടെ വിവാഹസത്കാരം പാതിവഴിയില്‍ പിരിഞ്ഞു.

തന്നെ ചതിച്ചതിന് യുവതിക്കെതിരെ മനഞ്ജയ്,പൊലീസില്‍ പരാതി നല്‍കി. പിന്നാലെ, വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് വഞ്ചിച്ചതിന് യുവതിക്കെതിരെ പ്രിയരഞ്ജനും പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here