വേസ്റ്റിനൊപ്പം കളഞ്ഞത് വജ്രാഭരണങ്ങള്‍

അറ്റ്‌ലാന്റ : വീട്ടവശിഷ്ടങ്ങള്‍ക്കൊപ്പം സ്ത്രീ അബദ്ധവശാല്‍ കളഞ്ഞത് ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കഴിഞ്ഞയാഴ്ചയാണ് വിചിത്രമായ സംഭവം.

തുടര്‍ന്ന് മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് 65 ലക്ഷം ഇന്ത്യന്‍ രൂപ മതിപ്പുള്ള ആഭരണങ്ങള്‍ തിരിച്ചെടുത്തത്.

സംഭവം ഇങ്ങനെ. വീട്ടുമാലിന്യങ്ങള്‍ നിക്ഷേപിച്ചതിനൊപ്പം സ്ത്രീ അബദ്ധവശാല്‍ തന്റെ ഡയമണ്ട് ആഭരണങ്ങളുടെ ബാഗും കളഞ്ഞു. ഈ വീട്ടവശിഷ്ടങ്ങള്‍ നേരെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്കാണെത്തിയത്.

അപ്പോഴാണ് തന്റെ വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ട കാര്യം സ്ത്രീ തിരിച്ചറിയുന്നത്. വന്‍ വിലയുള്ള ആഭരണങ്ങള്‍ അബദ്ധവശാല്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം കളഞ്ഞുപോയെന്ന് യുവതി മനസ്സിലാക്കി.

 

യുവതി ഉടന്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വിളിച്ച് ജീവനക്കാരെ കാര്യം ധരിപ്പിച്ചു. ഇതോടെ അവര്‍ പരിശോധനയാരംഭിച്ചു. കറുത്ത നിറത്തിലുള്ള ചവറ്റുബാഗാണെന്ന സൂചനയില്‍ അഞ്ചംഗ സംഘം തിരച്ചില്‍ തുടര്‍ന്നു.

ഒടുവില്‍ 3 ഡയമണ്ട് റിംഗുകളും ഒരു ഡയമണ്ട് ബ്രെയ്‌സ്‌ലെറ്റും അവര്‍ തിരിച്ചെടുത്തു. പ്രതിദിനം ഈ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ 300 ടണ്‍ അവശിഷ്ടങ്ങളാണ് നിക്ഷേപിക്കപ്പെടുന്നത്.

അതില്‍ നിന്നാണ് ജീവനക്കാര്‍ വന്‍തുകയുടെ വജ്രാഭരണങ്ങള്‍ കണ്ടെടുത്തത്. ജീവനക്കാരുടെ വിലയേറിയ സേവനത്തിന് സ്ത്രീ നന്ദി രേഖപ്പെടുത്തി. ഒരല്‍പ്പം വൈകിയിരുന്നെങ്കില്‍ മാലിന്യസംസ്‌കരണത്തില്‍ വജ്രാഭരണങ്ങള്‍ നഷ്ടപ്പെടുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here