പുരുഷവേഷത്തില്‍ കഴിച്ചത് 2 വിവാഹം

ഹല്‍ദ്വനി : 25 കാരി ആണ്‍വേഷം കെട്ടി രണ്ട് വിവാഹം കഴിച്ചു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം, തട്ടിപ്പ് നടത്തിയ സ്വീറ്റി സെന്‍ വ്യാഴാഴ്ച പൊലീസ് പിടിയിലായി. 4 വര്‍ഷമാണ് സ്വീറ്റി ആണ്‍വേഷത്തില്‍ നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഉത്തര്‍പ്രദേശ് ബിജ്‌നോറിലെ ധംപൂര്‍ സ്വദേശിയാണ് സ്വീറ്റി സെന്‍. 2013 ലാണ് യുവതി പുരുഷവേഷം കെട്ടുന്നത്.

കൃഷ്ണ സെന്‍ എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. കണ്ടാല്‍ പെണ്ണാണെന്ന് സംശയിക്കുകപോലുമില്ലായിരുന്നു. കൂടാതെ കൃഷ്ണ സെന്‍ എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ച് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തു. തുടര്‍ന്ന് നിരവധി പെണ്‍കുട്ടികളെ വശീകരിച്ച് ചാറ്റിങ്ങും തുടങ്ങി.

അതിനിടെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി 2014 ല്‍ കത്‌ഗോഡാമിലേക്ക് പോവുകയും നേരില്‍ ബന്ധം സ്ഥാപിക്കുകയും ചെയ്തു. കാമിനിയെന്നായിരുന്നു ഈ യുവതിയുടെ പേര്. താന്‍ അലിഗഡിലെ ഒരു വ്യവസായിയുടെ മകനാണെന്ന് സ്വീറ്റി കാമിനിയെ ധരിപ്പിച്ചു.

തുടര്‍ന്ന് കാമിനിയെ വിവാഹം ചെയ്തു. എന്നാല്‍ കിടപ്പറയില്‍ തന്നെ സ്പര്‍ശിക്കാന്‍ അനുവദിക്കുകയോ ശരീരം കാണിക്കുകയോ ചെയ്യാതെ സ്വീറ്റി കാമിനിയെ കബളിപ്പിച്ചുകൊണ്ടിരുന്നു. സെക്‌സ് ടോയ്‌സ് ഉപയോഗിച്ചുകൊണ്ടാണ് ലൈംഗിക ബന്ധം നടത്തിയത്.

പുരുഷന്‍മാരെ പോലെ തന്നെ മദ്യപിക്കുകയും പുകവലിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു.അതിനിടെ സ്ത്രീധനം ആവശ്യപ്പെട്ട് കാമിനിയെ മര്‍ദ്ദിക്കാനും തുടങ്ങി. അത്തരത്തില്‍ 8.5 ലക്ഷം രൂപ കാമിനിയുടെ വീട്ടില്‍ നിന്ന് തട്ടിയെടുത്തു.

രണ്ട് വര്‍ഷത്തിന് ശേഷം സ്വീറ്റി ഉത്തരാഖണ്ഡിലെ കാലധൂങ്കിയില്‍ എത്തുകയും മറ്റൊരു യുവതിയെ കല്യാണം കഴിക്കുകയും ചെയ്തു. നിഷയെന്ന ഈ യുവതി സ്വീറ്റിയുടെ
ആദ്യ വിവാഹച്ചടങ്ങില്‍ പങ്കെടുത്തയാളാണ്. തുടര്‍ന്ന് സ്വീറ്റി ടിക്കോണിയയില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് ഇരു ഭാര്യമാരെയും അവിടെ താമസിപ്പിച്ചു.

എന്നാല്‍ സ്വീറ്റി പുരുഷനല്ലെന്ന് രണ്ട് വര്‍ഷത്തിന് ശേഷം നിഷ കണ്ടുപിടിച്ചു. ഇതോടെ നിഷ സ്വീറ്റിയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ സ്ത്രീധനത്തിനായുള്ള മര്‍ദ്ദനം തുടര്‍ക്കഥയായതോടെ കാമിനി പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് യുവതി അറസ്റ്റിലാകുന്നത്.

യുവതിയെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ചെറുപ്പം മുതലേ തന്നെ ആണ്‍കുട്ടിയായാണ് വളര്‍ത്തിയതെന്നും അതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിശദീകരണം. വിവാഹങ്ങള്‍ക്ക് സ്വീറ്റിയുടെ മാതാപിതാക്കള്‍ നേതൃത്വം നല്‍കിയതാണെന്നും അവര്‍ കൂടി അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here