ചാണകത്തില്‍ മൂടിയ യുവതി കൊല്ലപ്പെട്ടു

ബുലന്ദ്ശഹര്‍ : പാമ്പുകടിയേറ്റ യുവതി പ്രാകൃത ചികിത്സയെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് നടുക്കുന്ന സംഭവം. ദേവേന്ദ്രി എന്ന 35 കാരിയാണ് മരിച്ചത്. 5 കുട്ടികളുടെ മാതാവാണ് യുവതി. വിറക് ശേഖരിക്കാനായി പുറത്തുപോയപ്പോഴാണ് ദേവേന്ദ്രിയുടെ കൈയ്യില്‍ മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്.

ഉടന്‍ തന്നെ വീട്ടിലേക്കെത്തി യുവതി ഭര്‍ത്താവ് മുകേഷിനെ വിവരമറിയിച്ചു. ആശുപത്രിയില്‍ പോവുന്നതിന് പകരം ഇവര്‍ പാമ്പാട്ടിയുടെ സഹായം തേടുകയാണ് ചെയ്തത്. ആദ്യം കടിയേറ്റതിന് മുകളിലായി കയറുകെട്ടുകയും മുറിവില്‍ ചില മരുന്നുപൊടികള്‍ വിതറുകയും ചെയ്തിരുന്നു.

എന്നാല്‍ യുവതിയെ കുറച്ചുനേരം ചാണകത്തില്‍ മൂടിവെയ്ച്ചാല്‍ വിഷം വലിച്ചെടുക്കുമെന്നായിരുന്നു പ്രദേശത്തുകാരനായ മുരാരേയെന്ന പാമ്പാട്ടിയുടെ ഉപദേശം. ഇതുപ്രകാരം മുകേഷ് ദേവേന്ദ്രിയുടെ ശരീരം മുഴുവനായി ചാണകം കൊണ്ട് മൂടി. ഗ്രാമവാസികള്‍ ഒന്നടങ്കം ഇതിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

വീടിന് പുറത്ത് കിടത്തിയാണ് ദേവേന്ദ്രിയെ ചാണകത്തില്‍ മൂടിയത്. തുടര്‍ന്ന് പാമ്പാട്ടി അതിനടുത്തിരുന്ന് മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തു. എന്നാല്‍ 75 മിനിട്ടിനിപ്പുറം യുവതി മരണപ്പെടുകയാണുണ്ടായത്. പ്രാകൃത ചികിത്സയ്ക്ക് വിധേയയാക്കുന്നതിന് പകരം ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു.

ചാണകം കൊണ്ട് മൂടിയതിനാല്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ഇതുമൂലം വേഗത്തില്‍ മരണം സംഭവിക്കുകയുമായിരുന്നു. ചാണകത്തില്‍ മൂടിവെച്ചതുകൊണ്ടാണ് മരണപ്പെട്ടതെന്ന് ഒടുവില്‍ പാമ്പാട്ടി സമ്മതിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

5 മക്കളെ തനിച്ച് വളര്‍ത്തേണ്ട ദുര്യോഗമാണ് മുകേഷിനുണ്ടായിരിക്കുന്നത്. മുരാരേ പറഞ്ഞപ്രകാരം ചാണകം വിഷം വലിച്ചെടുക്കുമെന്നും ഭാര്യ രക്ഷപ്പെടുമെന്നുമാണ് വിചാരിച്ചതെന്ന് മുകേഷ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here