ഭാര്യയെ കെട്ടിത്തൂക്കിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത

ലഖ്‌നൗ: ഭാര്യയെ വീട്ടില്‍ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. സ്ത്രീധനമായി വാഗ്ദാനം ചെയ്ത തുകയുടെ ബാക്കി ആവശ്യപ്പെട്ടാണ് യുവാവ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.

സ്ത്രീധന ബാക്കിയായി ലഭിക്കാനുള്ള 50000 രൂപ വീട്ടുകാരോട് ചോദിക്കാന്‍ യുവാവ് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് വിസമ്മതിച്ചതിനാലാണ് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ബെല്‍റ്റൂരി യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതി നിലത്ത് വീണു. തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ കൈ രണ്ടും ദുപ്പട്ട കൊണ്ട് കൂട്ടിക്കെട്ടുകയും ഉത്തരത്തില്‍ ബന്ധിക്കുകയായിരുന്നു.

ഈ സമയം ഇയാള്‍ തന്റെ മൊബൈലില്‍ സംഭവം മുഴുവന്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. യുവതിയുടെ സഹോദരന് ഇയാള്‍ ദൃശ്യങ്ങള്‍ അയച്ച് കൊടുക്കുകയും ചെയ്തു. സ്ത്രീധന തുക ബാക്കി തന്നില്ലെങ്കില്‍ ഇനിയും ഇത് ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മൂന്ന് നാല് മണിക്കൂര്‍ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി വെളിപ്പെടുത്തി. ബോധം വരുമ്പോള്‍ താന്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഉത്തരത്തിലായിരുന്നു. ദൃശ്യങ്ങളുമായി പരാതി ബോധിപ്പിച്ച വീട്ടുകാര്‍ പൊലീസുമായി എത്തിയാണ് യുവതിയെ രക്ഷിച്ചത്. ഇയാള്‍ക്കെതിരെ സ്ത്രീധനനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഷാജഹാന്‍പുര്‍ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here