മൂന്നാം വിവാഹ ശ്രമത്തിനിടെ പിടിയില്‍

ധംപൂര്‍: ആണ്‍വേഷം കെട്ടി രണ്ട് യുവതികളെ വിവാഹം ചെയ്ത് സ്ത്രീധനത്തട്ടിപ്പ് നടത്തിയ 25 കാരി സ്വീറ്റി സെന്നിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. വിവാഹിതയായ മറ്റൊരു സ്ത്രീയെക്കൂടി താലികെട്ടാനിരിക്കെയാണ് സ്വീറ്റി സെന്‍ പിടിയിലായത്. അതേസമയം യുവതി ഒരു വിദ്യാര്‍ത്ഥിനിയുമായി പ്രണയബന്ധം സൂക്ഷിക്കുന്നുണ്ടെന്നതുമാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

ഫെയ്‌സ്ബുക്കിലൂടെയാണ് 25 കാരി സ്ത്രീകളെയും പെണ്‍കുട്ടികളെയും വശീകരിക്കുന്നത്. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞദിവസമാണ് സ്വീറ്റി അറസ്റ്റിലായത്. പുരുഷ വേഷം കെട്ടി കാമിനി, നിഷ എന്നീ യുവതികളെ വിവാഹം ചെയ്ത് സ്വീറ്റി കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ഇരുവരെയും ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്തു.

ഇതോടെ കാമിനിയെന്ന ഭാര്യ നല്‍കിയ പരാതിയിലാണ് സ്വീറ്റി വ്യാഴാഴ്ച അറസ്റ്റിലാകുന്നത്. വ്യാജ ചെക്കുകള്‍ നല്‍കി സ്വീറ്റി നിരവധി പേരെ കബളിപ്പിച്ചതായും പൊലീസിന് വ്യക്തമായിട്ടുണ്ട്. വിവാഹച്ചെലവുകള്‍ നിര്‍വഹിച്ചതും വിലകൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിയതുമെല്ലാം വ്യാജ ചെക്കുകള്‍ നല്‍കിയാണെന്ന് പൊലീസ് കണ്ടെത്തി.

സ്വീറ്റിയുടെ അമ്മ നിര്‍മ്മല സെന്നിനെതിരെയും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്വീറ്റിയുടെ രണ്ട് വിവാഹത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. 4 വര്‍ഷമാണ് സ്വീറ്റി ആണ്‍വേഷത്തില്‍ നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഉത്തര്‍പ്രദേശ് ബിജ്നോറിലെ ധംപൂര്‍ സ്വദേശിയാണ് സ്വീറ്റി സെന്‍. 2013 ലാണ് യുവതി പുരുഷവേഷം കെട്ടുന്നത്.

കൃഷ്ണ സെന്‍ എന്ന പേര് സ്വീകരിച്ചു. കണ്ടാല്‍ പെണ്ണാണെന്ന് സംശയിക്കുകപോലുമില്ലായിരുന്നു. കൂടാതെ കൃഷ്ണ സെന്‍ എന്ന പേരില്‍ ഒരു ഫെയ്സ്ബുക്ക് പേജ് ആരംഭിച്ച് ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു. തുടര്‍ന്ന് നിരവധി പെണ്‍കുട്ടികളെ വശീകരിച്ച് ചാറ്റിങ്ങും തുടങ്ങി.അതിനിടെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കത്ഗോഡാം സ്വദേശി കാമിനിയെ 2014 ല്‍ വിവാഹം ചെയ്തു.

താന്‍ അലിഗഡിലെ ഒരു വ്യവസായിയുടെ മകനാണെന്നാണ് സ്വീറ്റി കാമിനിയെ ധരിപ്പിച്ചത്. എന്നാല്‍ കിടപ്പറയില്‍ തന്നെ സ്പര്‍ശിക്കാന്‍ അനുവദിക്കുകയോ ശരീരം കാണിക്കുകയോ ചെയ്യാതെ സ്വീറ്റി കാമിനിയെ കബളിപ്പിച്ചുകൊണ്ടിരുന്നു. സെക്സ് ടോയ്സ് ഉപയോഗിച്ചുകൊണ്ടാണ് ലൈംഗിക ബന്ധം നടത്തിയത്.പുരുഷന്‍മാരെ പോലെ തന്നെ മദ്യപിക്കുകയും പുകവലിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു.

അതിനിടെ സ്ത്രീധനം ആവശ്യപ്പെട്ട് കാമിനിയെ മര്‍ദ്ദിക്കാനും തുടങ്ങി. അതിനാല്‍ കാമിനിക്ക് സംശയമൊന്നും തോന്നിയതുമില്ല. ഇതിനിടെ സ്ത്രീധന ഇനത്തില്‍ 8.5 ലക്ഷം രൂപ കാമിനിയുടെ വീട്ടില്‍ നിന്ന് സ്വീറ്റി കൈക്കലാക്കി. തുടര്‍ന്ന് 2016 ല്‍ സ്വീറ്റി ഉത്തരാഖണ്ഡിലെ കാലധൂങ്കി സ്വദേശിനിയെക്കൂടി വിവാഹം ചെയ്തു. നിഷയെന്ന ഈ യുവതി സ്വീറ്റിയുടെ ആദ്യ വിവാഹച്ചടങ്ങില്‍ പങ്കെടുത്തയാളാണ്.

തുടര്‍ന്ന് സ്വീറ്റി ടിക്കോണിയയില്‍ ഒരു വീട് വാടകയ്ക്കെടുത്ത് ഇരു ഭാര്യമാരെയും അവിടെ താമസിപ്പിച്ചു.എന്നാല്‍ സ്വീറ്റി പുരുഷനല്ലെന്ന് രണ്ട് വര്‍ഷത്തിന് ശേഷം നിഷ കണ്ടുപിടിച്ചു. ഇതോടെ നിഷ സ്വീറ്റിയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ സ്ത്രീധനത്തിനായുള്ള മര്‍ദ്ദനം തുടര്‍ക്കഥയായതോടെ കാമിനി പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

ഇതോടെയാണ് യുവതി അറസ്റ്റിലാകുന്നത്. യുവതിയെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ചെറുപ്പം മുതലേ,തന്നെ ആണ്‍കുട്ടിയായാണ് വളര്‍ത്തിയതെന്നും അതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് യുവതിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here