ഗര്‍ഭിണിയെ വധിച്ച് ചാക്കില്‍ നിറച്ചു

ഹൈദരാബാദ്: ഗര്‍ഭിണിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരിലാണ് സംഭവം.

യുവതിയുടെ കൈകാലുകള്‍ വലിയ ചാക്കിനുള്ളിലും വെട്ടിയെടുത്ത തലയും ഉടലും മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ റോഡരികില്‍ രക്തക്കറയോടെയുള്ള ചാക്കുകണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പരിശോധന നടത്തി.

ഇറച്ചിക്കടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായതിനാല്‍ ഇറച്ചി മാലിന്യമാണെന്ന് കരുതിയാണ് പരിശോധന നടത്തിയത്. എന്നാല്‍ ചാക്ക് തുറന്ന തൊഴിലാളികള്‍ ഞെട്ടി. ചാക്കുകള്‍ക്കുള്ളില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് വന്നു. ഉടന്‍ തന്നെ ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു.

പൊലീസ് സംഭവസ്ഥലത്തെത്തി ചാക്കുകെട്ടുകള്‍ പരിശോധിച്ചു. 25നും 30നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹത്തിന് 23 ദിവസമെങ്കിലും പഴക്കമുണ്ടെന്നുമാണ് പോലീസ് നിഗമനം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചയോ ആകാം മൃതദേഹം കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

കൊല്ലപ്പെട്ട യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ചുവപ്പ് നിറത്തിലുള്ള പൈജാമയുമാണ് യുവതിയുടെ വേഷം. കൈയില്‍ മെറൂണ്‍ നിറത്തില്‍ കുപ്പിവളകളും കാല്‍ വിരലിലും കൈവിരലിലും മോതിരവും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here