സ്ത്രീയുടെ മൃതശരീരം ഒടിച്ച് മടക്കി സ്യൂട്ട്‌കേസിലാക്കി

ചണ്ഡീഗഡ്: അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ രേവാരി ജില്ലയിലെ ബേവല്‍ ടൗണിലെ ഡല്‍ഹി- ജയ്പൂര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം.

പെട്ടിയില്‍ നിന്നും കണ്ടെത്തിയ മൃതശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് പൊലീസിന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

യുവതിയെ ആക്രമിച്ചയാള്‍ മരിച്ചെന്ന് ഉറപ്പ് വന്നപ്പോള്‍ പെട്ടിയില്‍ അടച്ച് ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്തായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും തുടര്‍ന്ന് അന്വേഷണം നടത്തുമെന്നും ബേവല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദീപക് കുമാര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് ഗ്രാമവാസികള്‍ ഈ പെട്ടി റോഡരികില്‍ കിടക്കുന്നത് കണ്ടത്. ഒന്ന് തൊട്ട് നോക്കുക കൂടി ചെയ്യാതെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് സ്യൂട്ട്‌കേസ് തുറക്കുകയും മൃതശരീരം പുറത്തെടുക്കുകയുമായിരുന്നു. അഞ്ചടി നീളമാണ് മൃതദേഹത്തിനെന്നും ചുവപ്പ് കളറിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here