കാണ്‍പൂര്‍ : ഹോളി ആഘോഷത്തിനിടെ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു സമാനതകളില്ലാത്ത സംഭവം. ഹോളി ആഘോഷത്തിന്റെ ഭാഗമായി തീക്കുണ്ഡം തയ്യാറാക്കുന്ന ചടങ്ങുണ്ട്. വിറകും ഉണങ്ങിയ ചാണകവുമെല്ലാം കൂട്ടി വലിയ കൂരപോലെ തയ്യാറാക്കും.
ഇതില്‍ ഹോളികയെന്ന രാക്ഷസിയുടെ രൂപം തയ്യാറാക്കി കത്തിക്കുകയാണ് ചെയ്യുക. കാമദേവന്റെ രൂപവും ദഹിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ കാണ്‍പൂരിലെ ഗുളൗളി ഗ്രാമത്തില്‍ പ്രദേശവാസികള്‍ വലിയ തീക്കുണ്ഡം തയ്യാറാക്കി ഹോളികാ രൂപം അഗ്നിക്കിരയാക്കി.
എന്നാല്‍ പിറ്റേന്ന് ചാരവും ഭസ്മവും ശേഖരിക്കാനെത്തിയവരെ ഏതിരേറ്റത് നടുക്കുന്ന കാഴ്ചയായിരുന്നു. സംഭവസ്ഥലത്ത് ഒരു യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് പ്രദേശത്തെ സീമയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
പുഷ്പേന്ദ്രസിംഗ് എന്നയാളുടെ ഭാര്യയാണ് സീമ. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. തീക്കുണ്ഡത്തിനായി കൂടാരം തയ്യാറാക്കിയപ്പോള്‍ യുവതി ആരും കാണാതെ അതിനകത്ത് കയറി ഒളിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഇതറിയാതെ രാത്രിയില്‍ ഒത്തുകൂടിയ ആളുകള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തീക്കൊളുത്തുകയും രാക്ഷസീ രൂപത്തെ അതിലിട്ട് കത്തിക്കുകയും ചെയ്തു.വാദ്യഘോഷങ്ങളാലും മന്ത്രധ്വനികളാലും ശബ്ദമുഖരിതമായതിനാലാവണം യുവതിയുടെ കരച്ചില് പുറത്തുകേട്ടതുമില്ല.
തീക്കൊളുത്തിയ ശേഷം ഗ്രാമവാസികള്‍ പിരിഞ്ഞുപോവുകയും ചെയ്തു.പിറ്റേന്ന് ഭസ്മം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.