പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഫീല്‍

ലക്‌നൗ : സഹോദരന്‍ കാശിഫ് ജമീലിന് നേരെയുണ്ടായ വെടിവെപ്പില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. കഫീല്‍ ഖാന്‍. സംഭവം നടക്കുന്നതിന് ഏതാനും മീറ്റര്‍ ദൂരെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങുണ്ടായത്.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും രണ്ടുപേര്‍ തോക്കുമായെത്തി വെടിവെച്ചത് ആരും അറിഞ്ഞില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തിട്ടുണ്ട്. സഹോദരന് ശത്രുക്കളായി ആരുമില്ല. എന്റെ സഹോദരന്‍ ആണെന്നുള്ള ഒറ്റക്കാരണത്തിലാണ് ആക്രമണമുണ്ടായതെന്നും കഫീല്‍ വ്യക്തമാക്കി.

ആക്രമണമുണ്ടായപ്പോള്‍ ഒരു പൊലീസുകാരനും സഹായത്തിന് എത്തിരുന്നില്ല. ഒരു ഓട്ടോയിലാണ് സഹോദരനെ ആശുപത്രിയലെത്തിച്ചത്. മൂന്ന് റൗണ്ട് നിറയൊഴിച്ചതില്‍ രണ്ടുണ്ടകള്‍ അദ്ദേഹത്തെ പരിക്കേല്‍പ്പിച്ചു. ഒന്ന് ഇടത് ചുമലിന് മുറിവേല്‍പ്പിച്ചപ്പോള്‍ വേറൊന്ന് ദേഹത്ത് തുളച്ചുകയറി.

ശസ്ത്രക്രിയയിലൂടെ ഉണ്ട നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ സഹോദരനെ ഒരു വിദഗ്ധ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു പൊലീസിന്റെ തിടുക്കമെന്ന് കഫീല്‍ പറഞ്ഞു. അത്തരത്തില്‍ വിലപ്പെട്ട സമയം കളയാനാണ് പൊലീസ് ശ്രമിച്ചത്.

ഞായറാഴ്ച രാത്രിയില്‍ ബൈക്കിലെത്തിയ സംഘമാണ് കാശിഫിന് നേരെ വെടിയുതിര്‍ത്തത്. പതിനൊന്ന് മണിയോടെ ഹുമയൂണ്‍പൂര്‍ നോര്‍ത്തില്‍ ജെപി ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു ആക്രമണം. വലതുകൈയ്യിലും കഴുത്തിലും കവിളിലുമെല്ലാം പരിക്കേറ്റ കാശിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

34 കാരന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കൂട്ടശിശുമരണത്തിന്റെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിച്ച് യോഗി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലില്‍ അടച്ചിരുന്നു. കേസില്‍ ഏപ്രില്‍ 25 നാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here