ജുവാന്‍ പെഡ്രോ ഫ്രാങ്കോ 250 കിലോ കുറച്ചു

മെക്‌സിക്കോ : ലോകത്തെ ഏറ്റവും ഭാരമേറിയ വ്യക്തിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ജുവാന്‍ പെഡ്രോ ഫ്രാങ്കോ 250 കിലോ കുറച്ചു. 33 കാരനായ ഫ്രാങ്കോയ്ക്ക് ഇപ്പോള്‍ നടക്കാനാകും. ഫ്രാങ്കോയുടെ മാറ്റം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. മെക്‌സിക്കോ സ്വദേശിയാണ് ഇദ്ദേഹം.

2016 ഒക്ടോബറിലാണ് ഫ്രാങ്കോ ഗിന്നസ് ബുക്കില്‍ ഇടംനേടിയത്. 595 കിലോ തൂക്കവുമായാണ് ഗിന്നസില്‍ പേര് ചേര്‍ത്തത്. എന്നാല്‍ അമിതവണ്ണവും അനിയന്ത്രിത ഭാരവും കാരണം കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെട്ടിരുന്നു.

കൂടാതെ രക്തസമ്മര്‍ദ്ദം,പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ വേട്ടയാടുന്നുമുണ്ടായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ കടുത്ത ഭക്ഷണ നിയന്ത്രണം നിര്‍ദേശിച്ചു. കൂടാതെ പ്രത്യേക ശസ്ത്രക്രിയകള്‍ക്കും ഫ്രാങ്കോയെ വിധേയനാക്കി. 2017 മെയിലായിരുന്നു ആദ്യ ശസ്ത്രക്രിയ.

ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷനാണ് ഫ്രാങ്കോയെ വിധേയനാക്കിയത്. ആമാശയം ചുരുക്കാനായിരുന്നു ഈ ചികിത്സാവിധി. ആറ് മാസത്തിന് ശേഷം, ഭക്ഷണത്തെ ആഗിരണം ചെയ്യാനുള്ള ശേഷി നിയന്ത്രിക്കാന്‍ ഗാസ്ട്രിക് ബൈപാസ് എന്ന ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.

ഒപ്പം കര്‍ശന ഭക്ഷണ നിയന്ത്രണവും ഏര്‍പ്പെടുത്തി. കൂടാതെ കൈകള്‍ കൊണ്ട് ചക്രം കറക്കിയുള്ള വ്യായാമവും തുടര്‍ന്നു. ഇതോടെ ഭാരം 345 ലേക്കെത്തി. ഇപ്പോള്‍ ഫ്രാങ്കോയ്ക്ക് വാക്കര്‍ ഉപയോഗിച്ച് നടക്കാനാകും. അടുത്ത പടിയായി 100 കിലോ കുറയ്ക്കുകയാണ് ലക്ഷ്യം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here