അമിത് ഷായ്ക്ക് പറ്റിയ അമളി

ബംഗലൂരു :വാര്‍ത്താ സമ്മേളനത്തിനിടെ നാവ് ചതിച്ചതോടെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വെട്ടിലായി, കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്വന്തം നാവ് കൊണ്ട് തന്നെ ബിജെപി സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന് അമിത് ഷാ പ്രസ്താവന നടത്തിയത്.

കര്‍ണ്ണാടകയിലെ മുന്‍ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ദാര്‍വാഡ് എംപി പ്രഹ്‌ളാദ് ജോഷിയും വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാരിനെ കടന്ന് ആക്രമിച്ച് അമിത് ഷായുടെ വാര്‍ത്താ സമ്മേളനം മുന്നേറുന്നതിനിടെയാണ് ഇദ്ദേഹത്തിന് ഈ അമളി പറ്റിയത്.

‘അടുത്തിടെ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞു എതെങ്കിലും സര്‍ക്കാരിന് അഴിമതിക്കുള്ള അവാര്‍ഡ് കിട്ടുമെങ്കില്‍ അത് യെദ്യൂരപ്പ ഗവര്‍ണ്‍മെന്റിനായിരിക്കും’ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. സിദ്ധരാമയ്യ സര്‍ക്കാര്‍ എന്നാണ് അമിത് ഷാ മനസ്സില്‍ ഉദ്യേശിച്ചതെങ്കിലും അബദ്ധത്തില്‍ യെദ്യൂരപ്പയുടെ പേര് പറഞ്ഞു പോവുകയായിരുന്നു.

അമിത് ഷായുടെ വാക്കുകള്‍ കേട്ട് ഒപ്പമുണ്ടായിരുന്ന യെദ്യൂരപ്പയും പ്രഹ്‌ളാദ് ജോഷിയും ഒരു നിമിഷം ഞെട്ടി. ഉടന്‍ തന്നെ പ്രഹ്‌ളാദ് ജോഷി ഇടപെട്ട് തെറ്റ് പറ്റിയ കാര്യം അമിത് ഷായോട് ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിന് ശേഷം അദ്ദേഹം സിദ്ധരാമയ്യ സര്‍ക്കാര്‍ എന്ന് മാറ്റിപറയുകയും ചെയ്തു.

ബിജെപിയുടെ കര്‍ണ്ണാടകയിലെ ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ. അതുകൊണ്ട് തന്നെ യെദ്യൂരപ്പ സര്‍ക്കാരിന് അഴിമതിക്കുള്ള അവാര്‍ഡ് കൊടുക്കണമെന്ന അമിത് ഷായുടെ നാക്ക് പിഴ സമൂഹ മാധ്യമത്തില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here