ഹൂതി ഉന്നതനെ വധിച്ച് സൗദിയുടെ തിരിച്ചടി

സന : സൗദി ആക്രമണത്തില്‍ ഹൂതി ബുദ്ധികേന്ദ്രമായ സലേഹ് അല്‍ സമദ് കൊല്ലപ്പെട്ടു. ഹുതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സിലിന്റെ മേധാവിയാണ് സലേഹ് അല്‍ സമദ്. കഴിഞ്ഞ വ്യാഴാഴ്ച യെമനിന്റെ പടിഞ്ഞാറന്‍ തീരമായ ഹോദിയാദയില്‍ സൗദി നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്.

സമദിന്റെ വധത്തില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് നിലവിലെ ഹൂതി തലവന്‍ അബ്ദുള്‍ മാലിക് അല്‍ ഹൂതി, സൗദിക്ക് മുന്നറിയിപ്പ് നല്‍കി. സൗദിയും അമേരിക്കയുമാണ് സമദിന്റെ മരണത്തിന് കാരണക്കാര്‍. ഈ ക്രൂരതയ്ക്ക് ശിക്ഷയുണ്ടാകാതിരിക്കില്ല.

വിവാഹ സത്കാര ചടങ്ങുകളടക്കം ലക്ഷ്യം വെയ്ക്കുന്ന സൗദി നടപടിക്കെതിരെ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അബ്ദുള്‍ മാലിക് പറഞ്ഞു. സഖ്യസേന പിടികൂടാന്‍ ലക്ഷ്യമിട്ടവരുടെ പട്ടികയിലെ രണ്ടാമനായിരുന്നു സമദ്. ഇദ്ദേഹത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ സഖ്യസേന പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം ബുധനാഴ്ചയും യെമനില്‍നിന്ന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായെന്ന് സൗദി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. മിസൈലുകള്‍ ആകാശത്തുവെച്ച് നിര്‍വീര്യമാക്കുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here