ഷെയ്ഖ ലത്തീഫയെ ഗോവയില്‍ കാണാതായി

ദുബായ് : ദുബായ് രാജകുടുംബത്തിലെ അംഗമെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തുവിട്ട ഷെയ്ഖ ലത്തീഫയെ ഗോവയില്‍ കാണാതായതായി റിപ്പോര്‍ട്ട്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് താനെന്ന് അവകാശപ്പെട്ട് യുവതി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

തന്റെ ജീവിത്തതിലെ അവസാന വീഡിയോ ആയിരിക്കാം എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയത്. ഇതിന് പിന്നാലെയാണ് ഇവരെ കാണാതായതെന്നാണ് വിവരം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയിലാണ് കഴിഞ്ഞദിവസം ഇക്കാര്യം പുറത്തുവിട്ടത്.

അതേസമയം ഇത് ദുബായ് ഭരണാധികാരിയുടെ മകളാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

അദ്ദേഹത്തിന് 6 ഭാര്യമാരിലായുള്ള 30 മക്കളില്‍ ഒരാളാണ് താനെന്നാണ് യുവതിയുടെ വാദം. മൂന്ന് വര്‍ഷമായി തന്നെ തടവിലിട്ടിരിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ മയക്കുമരുന്ന് കുത്തിവെയ്ക്കാറുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോള്‍, തന്റെ ചലനങ്ങളെല്ലാം നിരീക്ഷിക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കി.

ഒരിക്കലുംപാസ്‌പോര്‍ട്ട് കൈവശം വെയക്കാന്‍ അനുവദിച്ചിരുന്നുമില്ലെന്നും 33 കാരി പറയുന്നു. ഇത്തരം പീഡനങ്ങളെ തുടര്‍ന്നാണ് യുഎഇയില്‍ നിന്ന് രക്ഷപ്പെട്ടത്. അമേരിക്കന്‍ സുഹൃത്തായ ഹാര്‍വെ ജൂബര്‍ട്ടിനൊപ്പം താന്‍ ഇന്ത്യന്‍ തീരത്ത് ഒരു നൗകയിലാണെന്നും ഒരു സംഘം തോക്കുധാരികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്നും യുവതി പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോ വാട്‌സ് ആപ്പിലൂടെ പുറത്തുവിട്ട ശേഷം യുവതിയെക്കുറിച്ച് വിവരമൊന്നുമില്ല. യുഎഇ പൗരന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് എന്ന സംഘടനയ്ക്ക് ഫെബ്രുവരി 26 ന് മെയില്‍ അയച്ചതോടെയാണ് ലത്തീഫയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങിയത്.

താന്‍ പീഡിപ്പിക്കപ്പെടുകയാണെന്നും സഹായം നല്‍കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. അതേസമയം ലഭ്യമായ വിവരങ്ങള്‍ വെച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here