48കാരിയെ ചവിട്ടി വീഴ്ത്തി; യുവാവിന് നഷ്ടം 50 ലക്ഷം

ബാഴ്‌സലോണ: പ്രാങ്ക് വീഡിയോ നിര്‍മ്മിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നതാണ് ചിലരുടെ വിനോദം. എന്നാല്‍ ഇത്തരക്കാര്‍ക്കിതാ ഒരു മുന്നറിയിപ്പ്. സ്ത്രീയെ ചവിട്ടി താഴെ വീഴ്ത്തിയ പ്രാങ്ക് വീഡിയോ അവതാരകന് നഷ്ടമായത് 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) യാണ്.

മരിയോ ഗാര്‍ഷ്യ എന്ന യുവാവാണ് റോഡരികില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന 48കാരിയായ സ്ത്രീയെ ചവിട്ടി വീഴ്ത്തിയത്. വീഴ്ചയില്‍ സ്ത്രീയ്ക്ക് കടുത്ത വേദനയുണ്ടായി.

സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. വീഴ്ച കണ്ട് ചിരിച്ച പ്രാങ്ക് വീഡിയോ അണിയറക്കാരെ സ്ത്രീ ചീത്ത വിളിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

വീഴ്ചയിലേറ്റ പരിക്ക് കാരണം 75 ദിവസങ്ങളാണ് സ്ത്രീയ്ക്ക് അവധിയെടുക്കേണ്ടിവന്നത്. 24കാരനായ അവതാരകന്‍ ‘കുങ്ഫു കിക്കി’ലൂടെയാണ് ഇവരെ വീഴ്ത്തിയത്.

പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാന്‍ സഹായിക്കുക എന്ന കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തു. സംഭവം പ്രചരിച്ചതോടെ ഗാര്‍ഷ്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേസ് കോടതിയിലുമെത്തി.

നഷ്ടപരിഹാരമായി 45,000 യൂറോ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരമായി സ്ത്രീയ്ക്ക് ഇയാള്‍ 60,000 യൂറോ നല്‍കാമെന്ന് സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here