അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബോളിവുഡില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഉപ്പാര്‍പേട്ടിലാണ് സംഭവം. പ്രമുഖ വ്യവസായിയുടെ മകന്‍ സതീഷ് പാട്ടീലാണ് അറസ്റ്റിലായിരിക്കുന്നത്. പതിനാലുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ബോളിവുഡില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ബംഗളൂരുവിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി ഉപ്പാര്‍പേട്ട് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയും ബംഗളൂരുവിലെത്തിയിരുന്നു. പെണ്‍കുട്ടി തനിച്ച് വരുമെന്നായിരുന്നു സതീഷിന്റെ കണക്കുകൂട്ടലുകള്‍. എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം അമ്മയേയും കണ്ടതോടു കൂടിയാണ് സതീഷിന്റെ പദ്ധതികള്‍ പാളിയത്. ഇതാണ് ഇയാള്‍ അറസ്റ്റിലാകാന്‍ കാരണമായത്. മോഡലിംഗ്, അഭിനയം തുടങ്ങിയ മേഖലകളില്‍ താല്‍പര്യമുള്ള പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെയാണ് സതീഷിനെ പരിചയപ്പെടുന്നത്. തനിക്ക് ബോളിവുഡില്‍ നിരവധി പേരെ പരിചയമുണ്ടെന്നും താന്‍ സഹായിക്കാമെന്നും സതീഷ് പെണ്‍കുട്ടിക്ക് ഉറപ്പു നല്‍കി. തുടര്‍ന്ന് നവംബറില്‍ ഇവര്‍ മുംബൈയിലെത്തി. സതീഷ് മുംബൈയില്‍ നിന്നും ഇവരെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് ഇവരെ മജസ്റ്റിക്കിലെ ഹോട്ടലില്‍ താമസിപ്പിച്ചു. തുടര്‍ന്ന് ഒരു ദിവസം സതീഷ് പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. ഫോട്ടോ ഷൂട്ട് നടത്താനായി തങ്ങളില്‍ നിന്ന് സതീഷ് പണം കൈക്കലാക്കിയെന്നും അമ്മ പറഞ്ഞു. സതീഷില്‍ നിന്നും രക്ഷപ്പെട്ടോടിയ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഉപ്പാര്‍പേട്ട് പൊലീസില്‍ സതീഷിനെതിരെ ഇവര്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here