യുവാവിനെ കരടി ആക്രമിച്ച് കൊന്നു

ഒഡീഷ: സെല്‍ഫി ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. പരുക്കേറ്റ് കിടന്നിരുന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ഒഡിഷയിലെ നബരന്‍ഗ്പുര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രഭു ഭാതരയാണ് കരടിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കൊട്ടപാഡ് എന്ന സ്ഥലത്ത് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറില്‍ പോവുകയായിരുന്ന സംഘം കാടിന് അടുത്തെത്തിയപ്പോള്‍ ഫോട്ടോ എടുക്കാനായി വാഹനം നിര്‍ത്തി. അപ്പോഴാണ് പരുക്കേറ്റു കിടക്കുന്ന കരടിയെ പ്രഭു കാണുന്നത്.

കാറിലുള്ളവര്‍ നോക്കി നില്‍ക്കെ, പ്രഭു കാറില്‍നിന്നിറങ്ങി കരടിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ് കിടന്ന കരടി എഴുന്നേല്‍ക്കില്ലെന്നാണയാള്‍ വിചാരിച്ചത്.

എന്നാല്‍ അടുത്ത് മനുഷ്യനെ കണ്ട കരടി അക്രമാസക്തനായി ഇയാളുടെ അടുത്തേക്ക് പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. കരടിയുടെ ആക്രമണത്തില്‍ വീണുപോയ പ്രഭുവിനെ ആളുകള്‍ നോക്കിനില്‍ക്കെയാണ് അത് കടിച്ചുകൊന്നത്. കരടിയില്‍നിന്ന് പ്രഭുവിനെ രക്ഷിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

കല്ലെറിഞ്ഞും അടിച്ചും കരടിയെ തുരത്താന്‍ ശ്രമിച്ചെങ്കിലും അത് ഫലിച്ചില്ല. അക്രമണം കണ്ട ഒരു തെരുവുനായ കരടിയുമായി പൊരുതാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രഭു കൊല്ലപ്പെട്ടു. കരടിയെ മയക്കുവെടിവെച്ചതിന് ശേഷമാണ് പ്രഭുവിന്റെ മൃതദേഹം കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here