ഐ ഫോണിന് പകരം കിട്ടിയത് ബാര്‍ സോപ്പ്

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്. ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പുകട്ട.

മുംബൈയിലെ ബൈകുലയിലാണ് സംഭവം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ താബ്‌റെസ് മെഹബൂബാണ് കബളിക്കപ്പെട്ടത്. 55,000 രൂപ കൊടുത്ത് ബുക്ക് ചെയ്ത ആപ്പിള്‍ ഐഫോണ്‍ 8 ന് പകരം ബോക്‌സിനുള്ളില്‍ ബാര്‍ സോപ്പായിരുന്നു.

ജനുവരി 21 നാണ് മെഹബൂബ് ഫോണിന് ഓര്‍ഡര്‍ കൊടുത്തത്. പിറ്റേന്ന് തന്നെ ഇദ്ദേഹത്തിന്റെ ഓഫീസ് അഡ്രസില്‍ ഡെലിവെറി ബോയ് മുഖാന്തരം പാഴ്‌സല്‍ എത്തി. ബോക്‌സ് തുറന്നുനോക്കിയപ്പോള്‍ അതിനുള്ളില്‍ ബാര്‍ സോപ്പായിരുന്നുവെന്ന് മെഹബൂബ് പറയുന്നു.

ഉടന്‍ തന്നെ ഫ്‌ളിപ്പ് കാര്‍ട്ട് അധികൃതരെ വിളിച്ചു വിവരം ധരിപ്പിച്ചെങ്കിലും ജനുവരി 25 നകം പ്രശ്‌നം പരിഹരിച്ച് തരാമെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ പരിഹാരമൊന്നുമാകാതായപ്പോള്‍ മെഹബൂബ് മുംബൈ പൊലീസിന് ഫ്‌ളിപ്പ് കാര്‍ട്ടിനെതിരെ പരാതി നല്‍കി.

പരാതി പ്രകാരം ഫ്‌ളിപ്പ് കാര്‍ട്ടിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഫഌപ്പ്കാര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ടു.

സംഭവത്തില്‍ ഫ്‌ളിപ്പ് കാര്‍ട്ടും അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തി പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കും എന്നാണ് ഫ്‌ളിപ്പ് കാര്‍ട്ട് നല്‍കിയിരിക്കുന്ന മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here