നടന്‍ പ്രകാശ് രാജ് പങ്കെടുത്ത ചടങ്ങിന്റെ വേദിയിലും പരിസരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു

ബംഗലൂരു :നടന്‍ പ്രകാശ് രാജ് പങ്കെടുത്ത ചടങ്ങ് നടന്ന വേദിയിലും പരിസരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു. കര്‍ണ്ണാടകയുടെ തീരദേശ പ്രദേശമായ സിര്‍സയിലെ രാഗവേന്ദ്ര മഠത്തില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇടതുപക്ഷ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകാശ് രാജ് പങ്കെടുത്ത ചടങ്ങ് സംഘടിപ്പിച്ചത്.‘നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം’ എന്ന് പേരിട്ട ചടങ്ങില്‍ ഒരു ബിജെപി എംപിക്ക് നേരെ പ്രകാശ് രാജ് നടത്തിയ ചില പരാമര്‍ശങ്ങളാണ് യുവമോര്‍ച്ചയെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച മഠത്തിലെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചടങ്ങ് നടന്ന വേദിയിലും ഹാളിലും ഗോമൂത്രം തളിക്കുകയായിരുന്നു.ഇടതു പ്രവര്‍ത്തകര്‍ ഇവിടെ കാല് കുത്തിയതോടെ സിര്‍സയിലെ പുണ്യ പുരാതനമായ മണ്ണിന് കളങ്കം സംഭവിച്ചതായും അതിനാല്‍ ഗോമൂത്രം തളിച്ച് ശുദ്ധീകരിക്കുകയാണെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ഗോമൂത്രം തളിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്തെത്തി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ചോദ്യ രൂപത്തിലുള്ള പ്രതികരണവുമായി രംഗത്തെത്തിയത്. ഞാന്‍ പ്രസംഗിച്ച സ്ഥലം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ച് ശുദ്ധീകരിച്ചുവെന്നും താന്‍ പോകുന്ന എല്ലാ സ്ഥലത്തും ഈ തരത്തിലുള്ള ശുദ്ധീകരണം നിങ്ങള്‍ നടത്തുമോ എന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസ രൂപേണയുള്ള ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here