സുപ്രീം കോടതിക്ക് പത്ത് വയസ്സുകാരന്റെ കത്ത്

ന്യൂഡല്‍ഹി: ഒരു പത്ത് വയസുകാരന്‍ നീതിപീഠത്തിന് കത്തെഴുതി. മാതാപിതാക്കളുടെ ഏഴ് വര്‍ഷം നീണ്ട വൈവാഹിക തര്‍ക്കം തീര്‍ത്ത സുപ്രീംകോടതിക്ക് നന്ദി അറിയിച്ചാണ് വിഭു എന്ന കുട്ടി കത്തെഴുതിയത്.

തന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്താണ് വിഭു കോടതിക്ക് അയച്ചത്. ഏറെ മൂല്യമുളള പ്രശംസയാണ് ഇതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മാതാപിതാക്കള്‍ തമ്മിലുളള തര്‍ക്കത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം പരിഹാരം കണ്ടതിനാണ് കുട്ടി നന്ദി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വികാരനിര്‍ഭരമാണ് ആ കാര്‍ഡിലെ വരികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവം നിങ്ങള്‍ക്ക് വേണ്ടി ചിലത് കരുതി വെച്ചിട്ടുണ്ട്: എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുളള താക്കോല്‍, എല്ലാ നിഴലുകളും തെളിക്കാനുളള വെളിച്ചം, എല്ലാ വിഷമത്തില്‍ നിന്നുമുളള ആശ്വാസം, ഓരോ നാളേയ്ക്കും വേണ്ടിയുളള ഉപായവും’, ഇതായിരുന്നു വിഭു കാര്‍ഡില്‍ എഴുതിയത്.

വിഭുവിന്റെ അച്ഛന്‍ പ്രദീപ് ഭണ്ഡാരിയും അമ്മ അനുവും തമ്മിലുണ്ടായിരുന്നത് 23 കേസുകള്‍. പഞ്ചാബ് – ഹരിയാന ഹൈക്കോടതി, ചണ്ഡിഗഡ് മജിസ്‌ട്രേട്ട് കോടതി, ഉപഭോക്തൃ കോടതി എന്നിവിടങ്ങളിലായി 2011 മുതല്‍ പോരടിക്കുന്ന മാതാപിതാക്കളുടെ കേസ് സുപ്രീം കോടതിയില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മോഹന്‍ എം.ശാന്തനഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആണ് പരിഗണിച്ചത്.

പരസ്പരം ഒന്നിച്ച് പോകാന്‍ കഴിയില്ലെന്ന് തീര്‍ത്ത് പറഞ്ഞ ഇവരുടെ ബന്ധം ഉഭയ സമ്മതത്തോടെ പിരിയുന്നതിന് കോടതി അനുമതി നല്‍കി. ഹൈക്കോടതി, കീഴ്‌ക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ വര്‍ഷങ്ങളോളം മധ്യസ്ഥതയ്ക്കു ശ്രമിച്ച ബന്ധം ഒടുവില്‍ ഉന്നത നീതിപീഠത്തെ സാക്ഷിയാക്കി രമ്യതയില്‍ പിരിഞ്ഞു.

എല്ലാ കേസുകളും അവസാനിപ്പിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കോടതിക്ക് ആശംസ കാര്‍ഡ് കൈമാറിയ വിഭു മറ്റൊരാഗ്രഹം കൂടി പറഞ്ഞു. ജഡ്ജിക്കൊപ്പം നിന്നൊരു ഫോട്ടോ എടുക്കണം.

വിഭുവിനെ ചേര്‍ത്ത് നിര്‍ത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആ ചിത്രത്തിന് മുന്നില്‍ പുഞ്ചിരിച്ചു. വിവാഹമോചനത്തിന് ആറ് മാസം കാത്തിരിക്കണമെങ്കിലും ഇത് പരിഗണിക്കാതെയാണ് കോടതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here