11 കാറുകള്‍ കത്തിച്ച പ്രവാസി അറസ്റ്റില്‍

അബുദാബി :മാളിന് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന 11 കാറുകള്‍ തീവെച്ച് നശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ദുബായിലെ ഔട്ട്‌ലെറ്റ് മാളിന് വെളിയിലെ പാര്‍ക്കിംഗ് സ്ഥലത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് വന്‍ അപകടം ഉണ്ടായത്. മാളിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറില്‍ അപ്രതീക്ഷിതമായി തീ പിടുത്തമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം.

പിന്നീട് ഈ തീ മറ്റു കാറുകളിലേക്കും വ്യാപിച്ചു. മാളിലേക്ക് ജീവനക്കാരെ എത്തിക്കുന്ന വാഹനത്തിലാണ് ആദ്യം തീ പ്രത്യക്ഷപ്പെട്ടത്. തീ ഉണ്ടാവാനുള്ള സാഹചര്യങ്ങളൊന്നും കാറിന് പരിസരത്ത് നിന്നും പൊലീസിന് കണ്ടെടുക്കാനായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സംഭവം ആരോ കരുതി കൂട്ടി നടത്തിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.

സംശയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. മാളിലെ മറ്റൊരു കാറിന്റെ ഡ്രൈവറാണ് പിടിയിലായ പ്രതി. ഇയാള്‍ ഏഷ്യന്‍ സ്വദേശിയാണ്. സംഭവം നടക്കുന്നതിന്റെ തലേ ദിവസം ആദ്യം തീപിടിച്ച കാറിലെ ഡ്രൈവറും ഇയാളും തമ്മില്‍ ചില വാക്കു തര്‍ക്കങ്ങളിലേര്‍പ്പെട്ടിരുന്നു.

ഇതിന്റെ പകയാലാണ് പ്രതി ഇയാളുടെ കാറ് കത്തിച്ചത്. എന്നാല്‍ ഇയാളുടെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തായി കാര്യങ്ങള്‍. ഈ കാറിന് കുറച്ച് അകലെയായി നിര്‍ത്തിയിട്ടിരുന്ന മറ്റു 10 വാഹനങ്ങളിലേക്ക് കൂടി തീ പടര്‍ന്നു പിടിച്ചു. സംഭവ സമയം പ്രതിയുടെ കൈക്കും പൊള്ളലേറ്റിരുന്നു. ഇതും പൊലീസിന് പ്രതിയെ പിടികൂടാന്‍ നിര്‍ണ്ണായക തെളിവായി.

LEAVE A REPLY

Please enter your comment!
Please enter your name here