സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ :സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്തുള്ള പെരിസ് നഗരത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഞായറാഴ്ച രാവിലെ ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 17 വയസ്സുകാരിയായ മകള്‍ വീടിന് പുറത്തെത്തി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്.കാലിഫോര്‍ണിയ സ്വദേശികളായ 57 വയസ്സുള്ള ഡേവിഡ് അല്ലന്‍ ടര്‍ഫിന്‍, 49 വയസ്സുകാരി ലൂയിസ് അന്ന എന്നീ ദമ്പതികളാണ് സ്വന്തം മക്കളെ കാലങ്ങളോളം തടവിലിട്ട് വളര്‍ത്തിയത്. രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ദമ്പതികള്‍ ഇരുവരേയും ചോദ്യം ചെയ്യുകയും കുട്ടികളെ വീട്ടിനുള്ളില്‍ നിന്നും തടവിലാക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു.ചങ്ങല കൊണ്ട് കുടുക്കിയ നിലയിലായിരുന്നു ഏവരുടെയും കാലുകള്‍. രണ്ട് മുതല്‍ 29 വയസ്സ് വരെ പ്രായമുള്ള സ്വന്തം മക്കളെയാണ് ഇവര്‍ ഈ വിധം ബന്ധനസ്ഥരാക്കിയത്. പലരും ആഴ്ചകളായി ഭക്ഷണം കഴിക്കാത്ത നിലയില്‍ ക്ഷീണിതരാണ്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവരുടെ വാസം. കുട്ടികളെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ എന്തിനാണ് ദമ്പതികള്‍ തങ്ങളുടെ മക്കളെ ഈ വിധം തടവിലാക്കിയതെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here