നജീമിന്റെ ഒറ്റയാള്‍ പോരാട്ടം

ദമാസ്‌കസ് :യുദ്ധത്തിന്റെ ഭീകരതയാല്‍ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ദൈന്യതയാര്‍ന്ന ജീവിതത്തെ ദിവസവും ലോകത്തിന് മുന്നിലെത്തിച്ച് ശ്രദ്ധേയനാവുകയാണ് ഒരു സിറിയന്‍ ബാലന്‍.

മുഹമ്മദ് നജീം എന്ന 15 വയസ്സുകാരനായ സിറിയന്‍ ബാലനാണ് താനടക്കമുള്ള കുട്ടികളുടെ ക്രൂരമായ വിധിയെ ലോകത്തിന് മുന്നില്‍ ദിവസവും സമൂഹ മാധ്യമത്തിന്റെ സഹായത്താല്‍ തുറന്ന് കാട്ടുന്നത്.സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് മേഖലയിലെ രൂക്ഷത വെളിവാക്കുന്ന വീഡിയോകള്‍ ബാലന്‍ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ബാലന്‍ ഈ ദൗത്യത്തിലാണ്.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് അടുത്തുള്ള കിഴക്കന്‍ ഗൗത്ത സ്വദേശിയാണ് നജീം. കിഴക്കന്‍ ഗൗത്തയിലാണ് ഫെബ്രുവരി ആദ്യം നടന്ന ഷെല്ലാക്രമണത്തില്‍ 560 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചത്.

സിറിയയുടെയും റഷ്യയുടെയും സൈന്യങ്ങള്‍ ചേര്‍ന്ന് യുദ്ധത്തിന്റെ പേരില്‍ മേഖലയിലെ ജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെ കൊന്നൊടുക്കയാണെന്ന് നജിം വിഡിയോയിലൂടെ ആരോപിക്കുന്നു. അടുത്തിടെ നടന്ന ഒരു ബോംബാക്രമണത്തില്‍ തന്റെ സ്‌കൂള്‍ തകര്‍ന്നടിഞ്ഞതും ഒരു സുഹൃത്ത് മരണപ്പെട്ടതും നിരവധി പേര്‍ക്ക് പരിക്കേറ്റതും നജീം ചിത്രങ്ങളിലൂടെ കാണിച്ച് തരുന്നു.ഇനിയും ഞങ്ങളെ രക്ഷിക്കാന്‍ വൈകരുതെന്നും അവന്‍ സമൂഹ മാധ്യമത്തിലൂടെ ലോകത്തിന് മുന്നില്‍ യാചിക്കുന്നു. യുദ്ധം കാരണം സ്‌കൂളില്‍ പോകുവാന്‍ കഴിയാതെ ചെറുപ്രായത്തില്‍ തന്നെ തൊഴില്‍ ചെയ്യേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥയും നജീം പോസ്റ്റുകളിലൂടെ വിശദമാക്കുന്നു.

പലപ്പോഴും നജീം വീഡിയോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പുറകില്‍ ബോംബിന്റെയും ഷെല്ലാക്രമണത്തിന്റെയും ശബ്ദങ്ങളും കേള്‍ക്കാം. മനസാക്ഷി മരവിക്കാത്തവരെ സംബന്ധിച്ചെടുത്തോളം നൊമ്പരം ഉളവാക്കുന്നതാണ് മുഹമ്മദ് നജീമിന്റെ ഓരോ ട്വിറ്റര്‍ വീഡിയോകളും.

LEAVE A REPLY

Please enter your comment!
Please enter your name here