ഒന്നാം ക്ലാസുകാരനെ ആറാംക്ലാസുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു; കാരണം കേട്ട് നടുങ്ങി രക്ഷിതാക്കളും അദ്ധ്യാപകരും

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ ശൗചാലയത്തില്‍ ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചതിന്റെ കാരണം പുറത്ത്. സ്‌കൂള്‍ നേരത്തെ വിടാനാണ് ആക്രമിക്കുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായി അക്രമത്തിനിരയായ കുട്ടി പൊലീസിനോട് പറഞ്ഞു. ത്രിവേണി നഗറിലെ ബ്രൈറ്റ്‌ലാന്‍ഡ് ഇന്റര്‍ കോളജ് സ്‌കൂളില്‍ ബുധനാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. ഗുരുതരമായി പിരക്കേറ്റ ഒന്നാം ക്ലാസുകാരന്‍ ഹൃത്വിക് ശര്‍മയെ സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മുടി ബോയ്ക്കട്ട് അടിച്ച ആറാംക്ലാസുകാരിയാണ് ആക്രമിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ഇതുപ്രകാരം സ്‌കൂള്‍ ഫോട്ടോനോക്കി ആക്രമിച്ച കുട്ടിയെ വിദ്യാര്‍ത്ഥി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ മുടി ഹൃത്വികിന്റെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചിട്ടുമുണ്ട്.ഇതിന്റെ ഡിഎന്‍എ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം സംഭവം പൊലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.കുട്ടിക്ക് അപകടം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം മാതാപിതാക്കളെ അറിയിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.കുട്ടിയുടെ നിലവിളി കേട്ട് അദ്ധ്യാപകര്‍ ശൗചാലയത്തിലേക്ക് ഓടിയെത്തുകയായിരുന്നു. ഈ സമയം കുട്ടിയുടെ ശരീരത്തില്‍ നിന്ന് രക്തമൊഴുകുകയായിരുന്നു. വായില്‍ ഭാഗികമായി തുണിയും തിരുകി.വയറിലും നെഞ്ചിലും മൂര്‍ച്ചയുള്ള വസ്തുകൊണ്ട് ആഴത്തില്‍ മുറിവേറ്റിരുന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.നേരത്തെ ഡല്‍ഹി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാംക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നതും അവധി ലഭിക്കാനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here