മുങ്ങിമരണമല്ല; ക്രൂരമായ കൊലപാതകം

ബെളഗാവി : കാമുകിയെ യുവാവും സഹോദരനും ചേര്‍ന്ന് ട്രെയിനില്‍ നിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെളഗാവിയിലാണ് ദാരുണമായ സംഭവം. 22 കാരി പൂനമാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 15 നായിരുന്നു നിഷ്ഠൂരമായ നരഹത്യ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ബെളഗാവി സ്വദേശിയായ 22 കാരി പൂനവുമായി സുനില്‍ എന്ന യുവാവ് പ്രണയത്തിലായിരുന്നു. സുനില്‍ ബിഎച്ച്എംഎസ് വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി വിവാഹം കഴിക്കാനായി പൂനം സുനിലിനെ സമ്മര്‍ദ്ദം ചെലുത്തിപ്പോന്നിരുന്നു. എന്നാല്‍ സുനില്‍ എതിര്‍ത്തുപോന്നു. ഒടുവില്‍ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ വിവാഹം കഴിക്കാമെന്ന് പൂനത്തോട് സമ്മതിച്ചു.

അതിന് മുന്‍പായി ഗോവയിലേക്ക് യാത്രപോകാമെന്നും യുവതിയെ അറിയിച്ചു. ഇതുപ്രകാരം മാര്‍ച്ച് 15 ന് സുനിലും പൂനവും ഗോവയിലേക്ക് തിരിച്ചു. സഹോദരന്‍ സഞ്ജയ്‌നെയും സുനില്‍ ഒപ്പം കൂട്ടിയിരുന്നു.

യാത്രാമധ്യേ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതുപ്രകാരം ബെളഗാവി ജില്ലയിലെ അസ്റ്റോളിയിലൂടെ പുഴയ്ക്ക് മുകളിലെ പാലത്തിലൂടെ ട്രെയിന്‍ സഞ്ചരിക്കവെ സുനിലും സഞ്ജയും ചേര്‍ന്ന് യുവതിയെ താഴേക്ക് തള്ളിയിട്ടു.

വെള്ളത്തില്‍ വീണ 22 കാരി മുങ്ങിമരിച്ചു. അതിനിടെ, മകളെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ മാതാപിതാക്കള്‍ ഖാനാപുര പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൂനത്തിന്റെ മൃതദേഹം പുഴയില്‍ നിന്ന് ലഭിക്കുന്നത്.

തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കോള്‍ ഡീറ്റെയ്ല്‍സ് പരിശോധിച്ച പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തനിക്കൊന്നുമറിയില്ലെന്ന് ആദ്യം ഇയാള്‍ നിഷേധിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വൈകാതെ സഹോദരന്‍ സഞ്ജയ്‌യെയും പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here