ഷെഹ്‌നാസ് കുറിച്ച ചരിത്രം

ജയ്പൂര്‍ :24 വയസ്സുകാരിയായ ഈ രാജസ്ഥാന്‍ പെണ്‍കുട്ടി ഒരു ചരിത്ര നേട്ടം കുറിച്ചതിന്റെ നിര്‍വൃതിയിലാണ്. ഒപ്പം ഒരു പിടി ഉത്തരവാദിത്വങ്ങളും ഈ പെണ്‍കുട്ടിയെ തേടിയെത്തിയിരിക്കുന്നു.

രാജസ്ഥാനില്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഒരു ഗ്രാമത്തിന്റെ അദ്ധ്യക്ഷയാകുന്ന യുവതി എന്ന റെക്കോര്‍ഡാണ് 24 വയസ്സുകാരിയായ ഷെഹ്‌നാസ് ഖാനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഭരത്പൂര്‍ ജില്ലയിലെ ഗര്‍ഹസന്‍ ഗ്രാമത്തിന്റെ അദ്ധ്യക്ഷയായി ഈ പെണ്‍കുട്ടി ചുമതലയേറ്റത്.

മാത്രവുമല്ല സംസ്ഥാനത്തെ നിലവിലെ ഗ്രാമ ആദ്ധ്യക്ഷന്‍മാരില്‍ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയും ഷെഹ്‌നാസാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ തീര്‍ത്ഥങ്കര്‍ മഹാവീര്‍ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂടിയാണ് ഷെഹ്‌നാസ് ഖാന്‍.

ഗ്രാമത്തില്‍ താന്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുമ്പോള്‍ പ്രാക്ടിക്കല്‍ പരീക്ഷകളുടെ ചൂടിലായിരുന്നു ഷെഹ്‌നാസ്.

പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ മടി കാണിക്കുന്ന രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഷഹ്‌നാസ് ജീവിതത്തില്‍ സ്വന്തമാക്കുന്ന നേട്ടങ്ങള്‍ വലിയൊരു വെളിച്ചമാണ് പകര്‍ന്ന് നല്‍കുന്നത്.

തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോധവതിയായ ഷെഹ്‌നാസ് സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹത്തില്‍ പുരോഗതി കൈവരിക്കാനാവു എന്ന ചിന്താഗതിക്കാരിയാണ്. ഷെഹ്‌നാസിന്റെ മുത്തശ്ശനും ഈ ഗ്രാമത്തില്‍ അദ്ധ്യക്ഷനായി ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here