ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു

പട്‌ന: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു. ബീഹാറിലെ മോത്തിഹരിക്കടുത്തുവച്ചാണ് അപകടം നടന്നത്. ബസിന് മുന്നില്‍ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

32 പേര്‍ ബസ്സിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുസാഫര്‍പൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ദീര്‍ഘദൂര ട്രാവല്‍ ബസ്സിനാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

ബസ് അപകടത്തില്‍പ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയതായി പൊലീസ് അറിയിച്ചു. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അതേസമയം അപകടത്തില്‍ മരിച്ചവര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വേണ്ട ധനസഹായം നല്‍കുമെന്ന് ബീഹാര്‍ ദുരന്തനിവാരണ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടം നടക്കുന്നത്. ഇതിനുമുമ്പ് ഈ പ്രദേശത്തിന് സമീപം ബസ്സ് മറിഞ്ഞ് പത്തിലധികം പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here